തനുശ്രീ ദത്ത, നാനാ പടേക്കർ

 
India

'നാനാ പടേക്കർ മരിച്ചിട്ടില്ല, വിദേശത്ത് ജീവിച്ചിരിക്കുന്നു!'; അവകാശവാദവുമായി നടി തനുശ്രീ ദത്ത

നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വ്യാജമായി ചിത്രീകരിച്ചിരിക്കാമെന്നും വ്യാജ മരണ സർട്ടിഫിക്കറ്റ് നേടിയിരിക്കാമെന്നും നടി ആരോപിച്ചു

Sarath Nath MS

മുംബൈ: ബോളിവുഡ് നടൻ നാനാ പടേക്കറുടെ മരണം വ്യാജമാണെന്നും അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ടാകാമെന്നും ആരോപിച്ച് നടി തനുശ്രീ ദത്ത. നാനാ പടേക്കറുടെ മൃതദേഹം ബോളിവുഡിൽ ആരും കണ്ടിട്ടില്ലെന്നും സംസ്കാരച്ചടങ്ങുകൾക്ക് ഇത്രയും തിടുക്കം കാട്ടിയത് എന്തിനാണെന്നും തനുശ്രീ ചോദിച്ചു. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു നടിയുടെ ആരോപണങ്ങൾ.

നാനാ പടേക്കറെപ്പോലൊരു പ്രമുഖ നടന്‍റെ മരണത്തിൽ സിനിമാ മേഖലയിലുള്ളവർക്കും മാധ്യമപ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരമൊരുക്കുന്ന പ്രാർഥനാ യോഗം സംഘടിപ്പിക്കേണ്ടതായിരുന്നുവെന്ന് തനുശ്രീ പറഞ്ഞു. എന്നാൽ അത്തരമൊരു ചടങ്ങ് നടന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

''ബോളിവുഡിലോ മാധ്യമരംഗത്തോ ഉള്ള ആരും നാനാ പടേക്കറുടെ മൃതദേഹം കണ്ടിട്ടില്ല. പിന്നെ എന്തിനായിരുന്നു ഇത്രയും തിടുക്കം? അർധരാത്രിയിൽ തന്നെ സംസ്കാരച്ചടങ്ങുകൾ നടത്തേണ്ടതിന്‍റെ ആവശ്യമെന്തായിരുന്നു?''- തനുശ്രീ ചോദിച്ചു.

നാനാ പടേക്കറുടെ മരണവാർത്തയ്ക്കു പിന്നാലെ നിരവധി താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. എന്നാൽ ഇവരിൽ ആരെങ്കിലും മൃതദേഹം നേരിട്ട് കണ്ടിരുന്നോ എന്നും അവർ സംശയം പ്രകടിപ്പിച്ചു. കുടുംബാംഗങ്ങൾ മൃതദേഹം ശരിയായി കണ്ടിരുന്നോ എന്നും സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്നും തനുശ്രീ ചോദിച്ചു.

നാനാ പടേക്കറെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവരാത്തതും അവർ ചൂണ്ടിക്കാട്ടി. മൃതദേഹത്തിന്‍റെ മുഖം മറച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും ലഭ്യമല്ലെന്നും തനുശ്രീ ആരോപിച്ചു.

സംസ്കരിച്ചത് നാനാ പടേക്കറുടെ മൃതദേഹമല്ലെന്നും അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ടാകാമെന്നും തനുശ്രീ അവകാശപ്പെട്ടു. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വ്യാജമായി ചിത്രീകരിച്ചിരിക്കാമെന്നും വ്യാജ മരണ സർട്ടിഫിക്കറ്റ് നേടിയിരിക്കാമെന്നും അവർ ആരോപിച്ചു. നാനാ പടേക്കർ സിംഗപ്പൂരിലോ മലേഷ്യയിലോ കഴിയുന്നുണ്ടാകാമെന്നും രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയണമെന്നും തനുശ്രീ പറഞ്ഞു. എന്നാൽ തനുശ്രീയുടെ ഈ അവകാശവാദങ്ങൾക്ക് സ്ഥിരീകരണമില്ല.

ഒക്റ്റോബർ എട്ടിന് ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ വച്ച് 75ാം വയസിലാണ് നാനാ പടേക്കർ അന്തരിച്ചത്. അന്നേദിവസം രാത്രി പുനെയ്ക്ക് സമീപത്തെ ദോൻജെയിലുള്ള അദ്ദേഹത്തിന്‍റെ ഫാം ഫൗസിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുകയും ചെയ്തു.

മീ ടൂ വിവാദവും പഴയ ആരോപണങ്ങളും

2008ൽ 'ഹോൺ ഓകെ പ്ലീസ്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നാനാ പടേക്കർ ലൈംഗികമായി ഉപദ്രവിച്ചെന്ന് തനുശ്രീ ആരോപിച്ചിരുന്നു. 2018ൽ ഈ ആരോപണങ്ങൾ വീണ്ടും ഉയർന്നതോടെ ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിന്‍റെ ഭാഗമായി വിഷയം വലിയ ചർച്ചയായി. നാനാ പടേക്കർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. 2019ൽ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിക്കാൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.