നാനാ പടേക്കർ
മുംബൈ: കാർഗിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1999ൽ അഭിനയ ജീവിതത്തിന് ഇടവേള നൽകി യുദ്ധമുഖത്തേക്ക് പോകാൻ ഇന്ത്യൻ സൈന്യത്തിന്‍റെ അനുമതി തേടിയിരുന്നു അന്തരിച്ച നടൻ നാനാ പടേക്കർ. വർഷങ്ങൾക്കുശേഷം 2024 ഓഗസ്റ്റിൽ ‘വൻവാസ്’ എന്ന ചിത്രത്തിന്‍റെ പ്രചാരണത്തിനിടെ അമിതാഭ് ബച്ചൻ അവതാരകനായ ‘കോൻ ബനേഗാ ക്രോർപതി’ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വ്യാഴാഴ്ച ഗോവയിൽ ഹൃദയാഘാതത്തെ തുടർന്ന് 75ാം വയസിലാണ് നാനാ പടേക്കർ അന്തരിച്ചത്. 1991ൽ പുറത്തിറങ്ങിയ ‘പ്രഹാർ: ദ ഫൈനൽ അറ്റാക്ക്’ എന്ന ചിത്രത്തിനായി സൈന്യത്തിൽ നിന്ന് കഠിന പരിശീലനം നേടിയിരുന്നു അദ്ദേഹം. ചിത്രത്തിൽ മേജർ വി.എസ്. ചവാൻ എന്ന കഥാപാത്രത്തെയാണ് നാനാ പടേക്കർ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു.
ചിത്രത്തിനായി മറാത്ത ലൈറ്റ് ഇൻഫൻട്രിക്കൊപ്പം മൂന്ന് വർഷത്തോളം നാനാ പടേക്കർ പരിശീലനം നേടിയിരുന്നു. 1999ൽ കാർഗിൽ യുദ്ധം ആരംഭിച്ചപ്പോൾ സൈനികർക്കൊപ്പം യുദ്ധമുഖത്തേക്ക് പോകാൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ അദ്ദേഹം സമീപിച്ചു. എന്നാൽ പ്രതിരോധ മന്ത്രിക്ക് മാത്രമേ ഇത്തരമൊരു അനുമതി നൽകാനാകൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
“അന്ന് പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിനെ എനിക്ക് അറിയാമായിരുന്നു. ഞാൻ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹവും ഇത് സാധ്യമല്ലെന്നാണ് ആദ്യം പറഞ്ഞത്. കമ്മിഷൻ ലഭിക്കാൻ ആറ് മാസമാണ് വേണ്ടത്. എന്നാൽ ഞാൻ മൂന്ന് വർഷം സൈന്യത്തോടൊപ്പം കഴിഞ്ഞിട്ടുണ്ട്. എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. മറാത്ത ലൈറ്റ് ഇൻഫൻട്രിക്കൊപ്പമുള്ള എന്‍റെ അനുഭവം പറഞ്ഞു. ഇതുകേട്ടപ്പോൾ എപ്പോൾ പോകാനാണ് ആഗ്രഹമെന്ന് അദ്ദേഹം ചോദിച്ചു. ഇന്ന് തന്നെ എന്ന് ഞാൻ പറഞ്ഞു”- നാനാ പടേക്കർ ഓർത്തെടുത്തു.
തുടർന്ന് അനുമതി ലഭിച്ചതോടെ 1999 ഓഗസ്റ്റിൽ കാർഗിൽ മേഖലയിലേക്ക് പോയ അദ്ദേഹം നിയന്ത്രണരേഖയ്ക്ക് സമീപം സൈനികർക്കൊപ്പം കഴിഞ്ഞു. ഏകദേശം 60 ദിവസമാണ് അദ്ദേഹം സൈനികർക്കൊപ്പം കഴിഞ്ഞത്. ദ്രാസ്, ലേ, കുപ്‌വാര, ബാരാമുള്ള, സോപോർ തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം എത്തി. ക്വിക് റിയാക്ഷൻ ടീമിന്‍റെ ഭാഗമാവുകയും ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു.
“ശ്രീനഗറിൽ എത്തുമ്പോൾ എന്‍റെ ഭാരം 76 കിലോഗ്രാമായിരുന്നു. തിരിച്ചെത്തുമ്പോഴേക്കും അത് 56 കിലോഗ്രാമായി കുറഞ്ഞിരുന്നു”- അദ്ദേഹം പറഞ്ഞു. ടെറിട്ടോറിയൽ ആർമിയിലാണ് നാനാ പടേക്കർ പ്രവേശനം നേടിയത്.
യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്നും അവയിൽ പലതും വളരെ മോശമായ നിലയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ കഴിയുന്നത്ര മാന്യമായ രീതിയിൽ ഒരുക്കിയ ശേഷമാണ് ജന്മനാടുകളിലേക്ക് അയച്ചിരുന്നത്. ആ ജോലിയിൽ ആറ് ദിവസം താൻ പങ്കാളിയായെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ചെയ്തതിനെ വീരകൃത്യമായി കാണുന്നില്ലെന്നും രാജ്യത്തോടുള്ള സേവനമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.