നന്തിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പ്; പോളിങ് തുടങ്ങി
കോൽക്കത്ത: പശ്ചിമ ബംഗാളിലെ നന്തിഗ്രാം, റേജിനഗർ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഉപതെരഞ്ഞെടുപ്പിനായി കേന്ദ്രസേനയുടെ 71 കമ്പനികളെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
മേയിൽ അധികാരത്തിലെത്തിയ ബിജെപി സർക്കാരിനോടുള്ള വോട്ടർമാരുടെ പ്രതികരണം വിലയിരുത്താനുള്ള ആദ്യ അവസരമായാണ് ഈ മത്സരത്തെ കാണുന്നത്. അതേസമയം, പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ സ്വാധീനം നിലനിർത്താനുള്ള ശ്രമത്തിലാണ്.
പൂർബ മേദിനിപൂർ ജില്ലയിലെ നന്തിഗ്രാമിലാണ് കൂടുതൽ രാഷ്ട്രീയപ്രാധാന്യമുള്ള മത്സരം. 2011ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതിന് വഴിയൊരുക്കിയ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ കേന്ദ്രമായിരുന്നു നന്തിഗ്രാം. 2021ൽ ബിജെപിയുടെ സുവേന്ദു അധികാരി മമത ബാനർജിയെ ഇവിടെ പരാജയപ്പെടുത്തി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സുവേന്ദു അധികാരി നന്തിഗ്രാമിൽ വിജയിച്ചു. എന്നാൽ ഭബാനിപൂർ സീറ്റ് നിലനിർത്തിയതിനെ തുടർന്നാണ് നന്തിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അധികാരിയുടെ അനുയായിയായിരുന്ന ചന്ദ്രനാഥ് റാത്തിന്‍റെ മാതാവ് ഹസിരാണി റാത്തിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം മേയ് ആറിനാണ് ചന്ദ്രനാഥ് റാത്ത് വെടിയേറ്റ് മരിച്ചത്.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ വിഭാഗത്തിന്‍റെ സ്ഥാനാർഥി സഞ്ചിത പ്രധാൻ ദേ അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സ്ഥാനാർഥിത്വം പിൻവലിച്ചു. ഇതോടെ സ്ഥാനാർഥിയില്ലാതായ മമത ബാനർജി കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ചു. 2007ലെ നന്തിഗ്രാം ഭൂമി ഏറ്റെടുക്കൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട പഴയ കേസുകളിൽ പ്രധാൻ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ഇടക്കാല ജാമ്യം ലഭിച്ച് പ്രചാരണരംഗത്ത് തിരിച്ചെത്തി.
റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത തൃണമൂൽ വിഭാഗം മുഹമ്മദ് എതെഷാമുൽ ഹഖിനെ സ്ഥാനാർഥിയാക്കി. സിപിഐ സന്തിഗോപാൽ ഗിരിയെ സ്ഥാനാർഥിയാക്കി.
മുർഷിദാബാദ് ജില്ലയിലെ റേജിനഗറിൽ വ്യത്യസ്ത രാഷ്ട്രീയ സമവാക്യമാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റേജിനഗറിലും നൗദയിലും വിജയിച്ച ഹുമയൂൺ കബീർ നൗദ സീറ്റ് നിലനിർത്തിയതോടെയാണ് റേജിനഗർ ഒഴിഞ്ഞത്. അദ്ദേഹത്തിന്‍റെ ആം ജനത ഉന്നയൻ പാർട്ടി മകൻ ഗോലം നബി അസാദിനെ സ്ഥാനാർഥിയാക്കി.
ബിജെപി സ്ഥാനാർഥി മുൻ മുർഷിദാബാദ് ജില്ലാ പ്രസിഡന്‍റ് സഖറാവ് സർക്കാർ ആണ്. മമത വിഭാഗം റബിയുൽ ആലം ചൗധരിയെയും വിമത തൃണമൂൽ വിഭാഗം സഫിയുസ്സമാൻ ഷെയ്ഖിനെയും സ്ഥാനാർഥികളാക്കി. കോൺഗ്രസ് മുഹമ്മദ് അബ്ദുല്ലാഹിൽ കാഫിയെയും സിപിഎം സയ്യിദ് അസദ് അലിയെയും സ്ഥാനാർഥികളാക്കി.
റേജിനഗറിൽ 2.57 ലക്ഷം വോട്ടർമാരും നന്തിഗ്രാമിൽ 2.67 ലക്ഷം വോട്ടർമാരുമാണുള്ളത്. റേജിനഗറിൽ 315 പോളിങ് സ്റ്റേഷനുകളും നന്തിഗ്രാമിൽ 323 പോളിങ് സ്റ്റേഷനുകളുമുണ്ട്. വോട്ടെണ്ണൽ ഒക്റ്റോബർ ഒൻപതിന് നടക്കും.