സമരതലസ്ഥാനമായി രാജ്യതലസ്ഥാനം; ഐസയുടെ സിറ്റിസൺ മാർച്ച് തുടങ്ങി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയെച്ചൊല്ലിയുള്ള വിഷയത്തിൽ ഡൽഹിയിൽ സമരം അയവില്ലാതെ തുടരുന്നു. ഇടതുവിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ (ഐസ) നേതൃത്വത്തിൽ സിറ്റിസൺ മാർച്ച് ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അശോക റോഡിലെ ആന്ധ്ര ഭവൻ സർക്കിളിൽ നിന്ന് ജന്തർ മന്തറിലേക്കാണ് മാർച്ച് നടക്കുന്നത്.
തുടർച്ചയായ മൂന്നാം ദിവസമാണ് ഐസയുടെ നേതൃത്വത്തിൽ സമരം. മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട് അടക്കമുള്ളവർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. എഐഎസ്എഫ് പ്രവർത്തകരും മാർച്ചിൽ അണിചേർന്നിട്ടുണ്ട്. മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. സമരക്കാരെ തടയാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.
എന്നാൽ ബാരിക്കേഡുകൾക്ക് മുകളിൽ കയറിയ പ്രതിഷേധക്കാർ സമരവുമായി മുന്നോട്ടുപോകുമെന്നാണ് പറയുന്നത്. ഐസ ദേശീയ പ്രസിഡന്‍റ് നേഹ ബോറ ബാരിക്കേഡിന് മുകളിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ തടയുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പ്രതിഷേധം കനത്തതോടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് അടക്കമുള്ള അർധസൈനികരെ വിന്യസിച്ചു.
പൊലീസ് വാഹനങ്ങൾക്ക് മുകളിൽ പെൺകുട്ടികൾ അടക്കമുള്ള സമരക്കാർ കയറി മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കുകയാണ് പൊലീസ്. ഇതിനിടെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ ഒരു ബസിന്‍റെ ചില്ല് തകർത്ത് സമരക്കാർ പുറത്തുചാടി. ഐസ ദേശീയ പ്രസിഡന്‍റ് നേഹ ബോറ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഔദ്യോഗിക നമ്പർ പ്ലേറ്റില്ലാത്ത സ്വകാര്യ വാഹനത്തിൽ അജ്ഞാത കേന്ദ്രത്തിലേക്കാണ് നേഹ ബോറയെ ഡൽഹി പൊലീസ് മാറ്റിയതെന്ന് ഐസ പ്രവർത്തകർ ആരോപിച്ചു. നേഹയെ കൊണ്ടുപോയ വാഹനത്തിൽ വനിതാ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്നും പ്രവർത്തകർ പറഞ്ഞു. ആരോപണത്തിൽ ഡൽഹി പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച ഡൽഹിയിൽ 150ലധികം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച മധ്യ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥി പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ 500ലധികം പേരെയും കസ്റ്റഡിയിലെടുത്തു. നേഹ ബോറ, യോഗേന്ദ്ര യാദവ്, ആം ആദ്മി പാർട്ടി നേതാക്കൾ എന്നിവരും വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു.
വെള്ളിയാഴ്ചത്തെ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് മധ്യ ഡൽഹിയിൽ അധിക പൊലീസ് സേനയെ വിന്യസിക്കുകയും ജന്തർ മന്തറിലേക്കുള്ള നിരവധി റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. സമീപത്തെ ചില മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും നേരത്തെ താൽക്കാലികമായി നിയന്ത്രിച്ചിരുന്നു.