നേഹ ബോറയെ അഭിവാദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമിതപ്രാധാന്യം നൽകുന്നതിൽ പാർട്ടിക്കുള്ളിലും ഇന്ത്യാ സഖ്യത്തിലും കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്. കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് കോൺഗ്രസ്, പാർട്ടിയുടെ വിദ്യാർഥി സംഘടനയായ എൻഎസ്യുഐ നേതാക്കളെ അവഗണിച്ച് ഇടതുപക്ഷ അനുഭാവിയായ നേഹ ബോറയ്ക്ക് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നൽകുന്നുവെന്ന വിമർശനമാണ് ഉയരുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിലാണ് നേഹ ബോറ ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ നേടിയത്. ഒക്റ്റോബർ 12ന് പ്രതിപക്ഷ നേതാക്കൾ സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം നേഹ ബോറയും മുൻനിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് എൻഎസ്യുഐ, യൂത്ത് കോൺഗ്രസ് എന്നിവയിലെ ചില നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ടെന്ന സൂചനകൾ പുറത്തുവന്നത്.
നേഹ ബോറയ്ക്ക് ലഭിക്കുന്ന രാഷ്ട്രീയ പ്രാധാന്യവും മാധ്യമശ്രദ്ധയും പാർട്ടിയുടെ പരമ്പരാഗത വിദ്യാർഥി-യുവജന സംഘടനകളിലെ പ്രവർത്തകരെ മറികടക്കുന്നതാണെന്ന തരത്തിലാണ് വിമർശനം. കോൺഗ്രസിനായി ദീർഘകാലമായി പ്രവർത്തിക്കുന്നവരെക്കാൾ പുറത്തുനിന്നുള്ള വിദ്യാർഥി-രാഷ്ട്രീയ പ്രവർത്തകയ്ക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അതൃപ്തി പരിഹരിക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്, എൻഎസ്യുഐ, സേവാദൾ നേതാക്കളുമായും പ്രവർത്തകരുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. എഐസിസി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിമ്പ്, എൻഎസ്യുഐ പ്രസിഡന്റ് വിനോദ് ജക്കാർ എന്നിവരും പങ്കെടുത്തിരുന്നു. അതേസമയം പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളോട് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേഹ ബോറയുടെ രാഷ്ട്രീയ നിലപാടുകളും പ്രസ്താവനകളും ബിജെപിയുടെ വിമർശനത്തിനും വഴിവച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ 2024ലെ വിദ്യാർഥി പ്രക്ഷോഭം ഇന്ത്യയിലെ യുവജന മുന്നേറ്റങ്ങൾക്ക് പ്രചോദനമായെന്ന നേഹയുടെ പരാമർശത്തെ ബിജെപി ചോദ്യം ചെയ്തിരുന്നു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ബിജെപി വിമർശിക്കുകയും ചെയ്തു.