അഭിജീത് ദിപ്കെ
ന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നടന്ന 'ലഹ്രാ ദോ തിരംഗ' പ്രതിഷേധ മാർച്ചിന് മുന്നോടിയായി കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറയെ ശനിയാഴ്ച പുലർച്ചെ മോചിപ്പിച്ചു. അതേസമയം കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്ഇഎം) കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ഡൽഹി പൊലീസ് ആക്റ്റിലെ 65ാം വകുപ്പ് പ്രകാരമുള്ള കസ്റ്റഡി നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നേഹ ബോറയെ വിട്ടയച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 126, 170 വകുപ്പുകൾ പ്രകാരം ദിപ്കെയ്ക്കെതിരേ നടപടികൾ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലേക്ക് പോകുന്നതിനിടെ നേഹ ബോറയെ മണ്ഡി ഹൗസിൽ നിന്നും ദിപ്കെയെ ഝണ്ഡേവാലനിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്തശേഷം നേഹ ബോറയെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലേക്ക് അഞ്ച് മണിക്കൂറോളം മാറ്റിമാറ്റി കൊണ്ടുപോയ ശേഷമാണ് ആർകെ പുരം പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് ഐസ ആരോപിച്ചു. അർധരാത്രിയോടെ അഭിഭാഷകർ സ്റ്റേഷനിലെത്തിയെങ്കിലും നേഹയെ കാണാൻ അനുവദിച്ചില്ലെന്നും സംഘടന ആരോപിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന നേഹയ്ക്ക് മരുന്നുകൾ നൽകാൻ പൊലീസ് വിസമ്മതിച്ചെന്നും മോചിപ്പിക്കുന്ന സമയം സംബന്ധിച്ച് വ്യക്തത നൽകിയില്ലെന്നും ഐസ കുറ്റപ്പെടുത്തി.
ക്രമസമാധാനം ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനുമായി ഏകദേശം 150 പേരെ കസ്റ്റഡിയിലെടുത്തതായാണ് പൊലീസിന്റെ വിശദീകരണം. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് ചുറ്റും സുരക്ഷ ശക്തമാക്കിയിരുന്നു. പാർക്കിനുള്ളിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) അംഗങ്ങളെയും പ്രദേശത്ത് അധിക സുരക്ഷാ സേനയെയും വിന്യസിച്ചു.