കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷി
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ വീഴ്ചയ്ക്കു പിന്നാലെ കടുത്ത നടപടിയുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). 50ലേറെ ജീവനക്കാരെയും സുപ്രധാന പദവികൾ വഹിച്ചിരുന്ന പ്രൊഫഷനലുകളെയും എൻടിഎ പുറത്താക്കി. പരീക്ഷാ സംവിധാനം അടിമുടി അഴിച്ചുപണിയുന്നതിന്‍റെ ഭാഗമാണ് നടപടിയെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഗുരുതരമായ പിഴവുകളെത്തുടർന്നു യുജിസി നെറ്റിലെ മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെയും എൻടിഎ ഡയറക്റ്ററെയും മുതിർന്ന ഉദ്യോഗസ്ഥരെയുമടക്കം വിളിച്ചുവരുത്തി യോഗം ചേർന്നു. പരീക്ഷാ സംവിധാനം അഴിച്ചുപണിയുന്നതിന്‍റെ വിശദാംശങ്ങൾ എൻടിഎ ഡയറക്റ്റർ മന്ത്രിയോടു വിശദീകരിച്ചു. തുടർന്നാണ് 50 പേരെ പുറത്താക്കിയെ്ന് അറിയിച്ചത്.
ചീഫ് ടെക്നോളജി ഓഫിസർ, ചീഫ് ഫിനാൻസ് ഓഫിസർ, സിഐഎസ്ഒ, ജിഎം (ടെസ്റ്റ് സെക്യൂരിറ്റി), ജിഎം (സൈക്കോമെട്രിക്സ്) തുടങ്ങി പത്തു പുതിയ പ്രൊഫഷനൽ പദവികളിലേക്ക് ആളുകളെ നിയമിക്കുമെന്നും സൈബർ സുരക്ഷയും ചോദ്യപേപ്പർ രൂപകൽപ്പനയുമടക്കം വൈദഗ്ധ്യം വേണ്ട മേഖലകളിലേക്ക് സ്വകാര്യ മേഖലയുടെ സഹായം തേടുമെന്നും എൻടിഎ ഡയറക്റ്റർ വിശദീകരിച്ചു.
പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഏറ്റവും വേഗത്തിൽ നടപടിക്ക് മന്ത്രി നിർദേശിച്ചു. യുജിസി നെറ്റ് ഇംഗ്ലിഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണു പിഴവുകളെത്തുടർന്നു പുനഃപരീക്ഷ. സെപ്റ്റംബർ ഒമ്പതിനു രാവിലെ 9 മുതൽ 12 വരെ ഇംഗ്ലിഷ് പരീക്ഷയും ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10ന് രാവിലെ 9 മുതൽ 12 വരെ നടക്കും.