ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കൂടിക്കാഴ്ച നടത്തുന്നു
വാഷിങ്ടൺ: അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) മാനേജിങ് ഡയറക്റ്റർ ക്രിസ്റ്റലീന ജോർജിയേവയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആഗോള സാമ്പത്തിക സാഹചര്യവും ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന വളർച്ചാ പാതയും ഇരുവരും ചർച്ച ചെയ്തു. ചൊവ്വാഴ്ച യുഎസിലെ ആഷ്‌വില്ലിൽ നടന്ന ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.
ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങളും രാജ്യത്തിന്‍റെ വളർച്ചാ കണക്കുകളും സാമ്പത്തിക വിലയിരുത്തലുകളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക പ്രകടനത്തെയും മികച്ച റെക്കോർഡിനെയും ഐഎംഎഫ് മേധാവി അഭിനന്ദിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാന ഘടകങ്ങളും ഉയർന്നുവരുന്ന വിപണികളിലും വികസ്വര സമ്പദ്‌വ്യവസ്ഥകളിലും നടക്കുന്ന ഘടനാപരമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്ന സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങളുടെ പ്രാധാന്യവും നിർമലാ സീതാരാമൻ ചർച്ചയിൽ വ്യക്തമാക്കി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൈവരിച്ച ശക്തിയും അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ മികച്ച സാമ്പത്തിക വളർച്ച, ആഗോള സാമ്പത്തിക സാഹചര്യം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനുള്ള പ്രതിബദ്ധത എന്നിവയെക്കുറിച്ച് നിർമല സീതാരാമനുമായി മികച്ച ആശയവിനിമയം നടത്തിയെന്ന് ജോർജിയേവ പറഞ്ഞു.
വിശകലന ശേഷി ശക്തിപ്പെടുത്തുന്നതിനും ശക്തമായ മാക്രോ ഇക്കണോമിക് നയങ്ങളെ പിന്തുണയ്ക്കുന്നതിനും ആഗോള സാമ്പത്തിക പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി ഇന്ത്യയും ഐഎംഎഫും തമ്മിലുള്ള സഹകരണം തുടർന്നും ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.