നവംബർ മുതൽ 'അൺനോൺ' നമ്പറിൽ നിന്ന് കോൾ വരില്ല; കേന്ദ്ര ഉത്തരവ്
ന്യൂഡൽഹി: അൺനോൺ നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് അവസാനം. നവംബർ ഒന്നു മുതൽ മൊബൈൽ ഫോണിലേക്ക് വിളിക്കുന്നവരുടെ നമ്പറിനൊപ്പം അവരുടെ പേരു കൂടി പ്രദർശിപ്പിക്കുന്നതിനുള്ള സജ്ജീകരണം കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ടെലികോം ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി. ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 4ജി, 5ജിയോടു കൂടിയ പുതിയ മൊബൈൽ നെറ്റ്വർക്കുകൾ, എന്നിവയിലെല്ലാം ഡിഫോൾട്ട് ആയി സിഎൻഎപി ആക്റ്റിവേറ്റ് ആകും. 2ജി, 3ജി നെറ്റ്വർക്കുകൾ, പൊതു ടെലിഫോൺ നെറ്റ്വർക്കുകൾ എന്നിവയിൽ ഈ സജ്ജീകരണം നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
നിങ്ങളുടെ ഫോണിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്നാണ് കോൾ വരുന്നതെങ്കിൽ വിളിക്കുന്നയാളുടെ സിം ടെലികോം ഓപ്പറേറ്റർ ഏതു പേരിലാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആ പേരായിരിക്കും ഡിസ്പ്ലേ ചെയ്യുക.
അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള കോൾ ആണെങ്കിൽ ഇന്റർനാഷണൽ കോൾ എന്ന് കാണിക്കാനും ഉത്തരവിലുണ്ട്. സ്വകാര്യതയുടെ ഭാഗമായി കോളിങ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ തെരഞ്ഞെടുത്തിട്ടുള്ളവരുടെ പേര് ഇത്തരത്തിൽ തെളിയില്ല. മാത്രമല്ല കോൾ വരുന്ന സമയത്ത് കാണാൻ സാധിക്കുമെങ്കിലും കോൾ അവസാനിപ്പിച്ച ശേഷം വിളിച്ചയാളുടെ പേര് മൊബൈലിൽ കാണാനും സാധിക്കില്ല.