ഫ്ലൈ ദുബായ് ആക്രമണം: വിമാന സുരക്ഷ പരിശോധിക്കാൻ കേന്ദ്രം

 
India

ഫ്ലൈ ദുബായ് ആക്രമണം: വിമാന സുരക്ഷ പരിശോധിക്കാൻ കേന്ദ്രം

പൈലറ്റുമാരുൾപ്പെടെ വിമാനജീവനക്കാരുടെ സുരക്ഷയും മാനസികാരോഗ്യവുമടക്കം വിലയിരുത്തുന്നതു സർക്കാർ പരിഗണിക്കുന്നുണ്ട്.

Reena Varghese

ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിൽ ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച പശ്ചാത്തലത്തിൽ വിമാന സുരക്ഷയിൽ കേന്ദ്ര സർക്കാർ പുനരവലോകനം നടത്തുന്നു. വിഷയത്തെ സുരക്ഷാ കാഴ്ചപ്പാടിൽ പൂർണമായി പരിശോധിക്കുമെന്നു സിവിൽ വ്യോമയാന സെക്രട്ടറി സമീർ സിൻഹ അറിയിച്ചു. ആവശ്യമെങ്കിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം.

പൈലറ്റുമാരുൾപ്പെടെ വിമാനജീവനക്കാരുടെ സുരക്ഷയും മാനസികാരോഗ്യവുമടക്കം വിലയിരുത്തുന്നതു സർക്കാർ പരിഗണിക്കുന്നുണ്ട്. എൻഎസ്ജി ഗാർഡുകളുടേതടക്കം തയാറെടുപ്പുകളും വിലയിരുത്തും. കോക്പിറ്റിലുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ നേരിടാൻ അധികമായി ഏർപ്പെടുത്തേണ്ട കാര്യങ്ങളും ആലോചിക്കും.

കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കു പോയ ഫ്ലൈ ദുബായ് വിമാനത്തിലാണ് ഒമാൻ സ്വദേശിയായ സഹപൈലറ്റ്, ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചത്. എന്നാൽ, ആക്രമണം പ്രതിരോധിച്ച ഇന്ത്യൻ പൈലറ്റ് വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കി. വിമാനം തട്ടിയെടുത്ത് ഇടിച്ചിറക്കാനുള്ള പദ്ധതിയായിരുന്നു സഹപൈലറ്റിന്‍റേതെന്നും ഇയാൾ തീവ്ര ഇസ്‌ലാമിക ആശയങ്ങൾക്ക് അടിമയായിരുന്നെന്നും ഇസ്രയേൽ പറയുന്നു. സംഭവത്തിൽ ഇസ്രയേലും യുഎഇയും സൗദി അറേബ്യയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, വിമാനയാത്രക്കാരെ സുരക്ഷിതരാക്കിയ സ്മിത്ത് മച്ചാറിന് ലോകമെമ്പാടും നിന്ന് അഭിനന്ദന പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമടക്കം നേതാക്കൾ മച്ചാറിനെ അഭിനന്ദിച്ചു. പരുക്കേറ്റ സ്മിത് മച്ചാർ സുഖം പ്രാപിച്ചുവരികയാണ്.