അഭിജീത് ദിപ്കെ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ‘ലഹ്റാ ദോ തിരംഗ’ മാർച്ചിന് മുന്നോടിയായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് താമസസ്ഥലത്ത് തടഞ്ഞുവച്ചു. നിലവിൽ പൊലീസുകാർ ഡൽഹിയിലെ അഭിജീത്തിന്റെ താമസസ്ഥലത്ത് തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ മാർച്ച് ആരംഭിക്കാനിരിക്കെയാണ് പൊലീസ് നടപടി.
എൻസിപി-എസ്പി വക്താവ് അനീഷ് ഗവാൻഡെയുെടെ സെൽട്രൽ ഡൽഹിയിലെ ഝണ്ടേവാലനിലെ വസതിയിലാണ് അഭിജീത്തിന്റെ താമസം. മാർച്ചിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് അഭിജീത്തിന് പൊലീസ് നോട്ടീസ് നൽകി. ബിഎൻഎസ്എസിലെ 163ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് അറിയിക്കുകയും ചെയ്തു. മാർച്ചിന് മുന്നോടിയായി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്ന് ദിപ്കെ നേരത്തേ ആരോപിച്ചിരുന്നു. സെൻട്രൽ പാർക്കിൽ പൊതുജനങ്ങൾ ഒത്തുചേരുന്നതിന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് അധികൃതരുടെ നടപടി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിജെപിയും ഡൽഹി പൊലീസും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിനിടെയാണ് മാർച്ച് പ്രഖ്യാപിച്ചത്. ഒക്റ്റോബർ 13ന് ജന്തർ മന്തറിൽ പ്രവേശിച്ചതിന് സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയാണ് മാർച്ചിന് ആഹ്വാനം ചെയ്തത്.
മാർച്ചിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡൽഹി പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. എന്നാൽ, തെരഞ്ഞെടുത്ത ഒരു വിഭാഗം ആളുകൾക്ക് അനുയോജ്യമായ സ്ഥലത്ത് ദേശീയപതാക വീശാനും ദേശീയഗാനം ആലപിക്കാനും സൗകര്യമൊരുക്കാമെന്നും പൊലീസ് വ്യക്തമാക്കി.
മാർച്ചിന് മുന്നോടിയായി സെൻട്രൽ ഡൽഹിയിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ കൊണാട്ട് പ്ലേസിലും പരിസരത്തുമുള്ള റോഡുകളിൽ ഗതാഗതം തടസപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് നിർദേശിച്ചു.