രാംലീല മൈതാനം
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധങ്ങൾക്കായി പുതുതായി നിശ്ചയിച്ച മൂന്ന് വേദികളിലൊന്നായ രാംലീല മൈതാനത്ത് ഈ വർഷം ഇനി മൂന്ന് ദിവസം മാത്രമാണ് ബുക്കിങ്ങിന് ഒഴിവുള്ളത്. അടുത്ത രണ്ടര മാസത്തേക്ക് മൈതാനത്ത് പരിപാടികൾ നടത്താൻ തീയതികളില്ല. ഡിസംബർ 29, 30, 31 തീയതികളിൽ മാത്രമാണ് നിലവിൽ ബുക്കിങ് ലഭ്യമാകുക. ഒരു ദിവസത്തെ ബുക്കിങ്ങിന് നികുതിയുൾപ്പെടെ 1.21 ലക്ഷം രൂപ ചെലവാകും.
50,000 പേർക്ക് പങ്കെടുക്കാവുന്ന 12 ഏക്കർ വിസ്തൃതിയുള്ള മൈതാനത്തിന്‍റെ പ്രതിദിന വാടക 50,000 രൂപയാണ്. ഇതിനുപുറമെ 55,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. ഈ തുക പിന്നീട് തിരികെ ലഭിക്കും. നികുതികൾ ഉൾപ്പെടെ ആദ്യഘട്ടത്തിൽ അടയ്ക്കേണ്ട തുക 1.21 ലക്ഷം രൂപയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, പ്രതിഷേധങ്ങൾക്കും പൊതുയോഗങ്ങൾക്കുമായി മൈതാനത്തിന്‍റെ ചെറിയൊരു ഭാഗം സൗജന്യമായി ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ 150 പേർക്ക് മാത്രമാണ് ഇവിടെ പങ്കെടുക്കാനാകുക.
ഡൽഹി മുനിസിപ്പൽ കോർപറേഷന്‍റെ ഹോർട്ടികൾച്ചർ വിഭാഗം വഴിയാണ് മൈതാനം ബുക്ക് ചെയ്യേണ്ടത്. അനുമതി ലഭിക്കുന്നതിന് ഡൽഹി പൊലീസിന്‍റെ നിരാക്ഷേപ പത്രവും നിർബന്ധമാണ്.
ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ ഒക്റ്റോബർ 11ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ജന്തർ മന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കി രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവ പുതിയ പ്രതിഷേധ വേദികളായി നിശ്ചയിച്ചത്. മൂന്ന് വേദികളിലെയും പ്രതിഷേധങ്ങൾക്കായി വിശദമായ പുതുക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) പിന്നീട് പുറത്തിറക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
സംഘടനകൾക്കും നാട്ടുകാരുടെ കൂട്ടായ്മകൾക്കും പ്രതിഷേധം സംഘടിപ്പിക്കാൻ രാംലീല മൈതാനത്തെ ഉയർന്ന ബുക്കിങ് തുക തിരിച്ചടിയാകുമെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തൽ. ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നതിന് ഇത്തരത്തിൽ തുക നൽകേണ്ടിയിരുന്നില്ല. മൈതാനം സൗജന്യമായി പ്രതിഷേധങ്ങൾക്ക് വിട്ടുനൽകിയാൽ പ്രതിദിനം കുറഞ്ഞത് 50,000 രൂപയിലധികം വരുമാനം നഷ്ടമാകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ വരാനിരിക്കുന്നതിനാൽ വിവിധ പരിപാടികൾക്കായി മൈതാനം നേരത്തേ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. തിരക്കേറിയ വാണിജ്യ മേഖലയിലാണ് മൈതാനം സ്ഥിതി ചെയ്യുന്നത്. സമീപത്ത് മൂന്ന് ആശുപത്രികളും മുനിസിപ്പൽ കോർപറേഷനുകളുടെ ആസ്ഥാനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
വലിയ പരിപാടികൾ നടക്കുമ്പോൾ പരിസരത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അസഫ് അലി റോഡിലെ ഇരുവശത്തേക്കുമുള്ള ഗതാഗതം പൊലീസ് ഒരു ദിശയിലേക്കു മാത്രമാക്കി മാറ്റുകയും ദേശ്ബന്ധു ഗുപ്ത റോഡിലേക്കുള്ള വാഹനങ്ങൾ സമാന്തരമായ ജവഹർലാൽ നെഹ്റു മാർഗിലേക്ക് തിരിച്ചുവിടുകയും ചെയ്യാറുണ്ട്.
ചരിത്രത്തിന്‍റെ ഭാഗമായ മൈതാനം
1930 വരെ കുളമായിരുന്ന പ്രദേശം നികത്തി നിരപ്പാക്കിയ ശേഷമാണ് രാംലീല നടത്തുന്നതിനായി ഉപയോഗിച്ച് തുടങ്ങിയത്. 1932ൽ ആരംഭിച്ച രാംലീല പാരമ്പര്യം ഇന്നും തുടരുന്നു. ഇതിൽ നിന്നാണ് മൈതാനത്തിന് രാംലീല ഗ്രൗണ്ട് എന്ന പേര് ലഭിച്ചത്.
സ്വാതന്ത്ര്യത്തിനുശേഷം 1951ൽ പാക്കിസ്ഥാനിൽ നിന്ന് എത്തിയ അഭയാർഥികൾക്ക് ഉപജീവനമാർഗങ്ങൾ ഒരുക്കുന്നതിനായി പ്രദേശം വികസിപ്പിച്ചു. പിന്നീട് രാജ്യത്തെ പ്രധാന രാഷ്ട്രീയ സമ്മേളനങ്ങളുടെയും പ്രതിഷേധങ്ങളുടെയും വേദിയായി മൈതാനം മാറി.
1952ൽ ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ പൂർണമായി സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ശ്യാമപ്രസാദ് മുഖർജി ഇവിടെ സത്യാഗ്രഹം ആരംഭിച്ചു. 1956ലും 1957ലും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇവിടെ വലിയ പൊതുയോഗങ്ങളിൽ പ്രസംഗിച്ചു.
1962ൽ ഇന്ത്യ സന്ദർശിച്ച എലിസബത്ത് രാജ്ഞിക്ക് ആദരമർപ്പിച്ച് സംഘടിപ്പിച്ച പൊതുപരിപാടിക്കായി മൈതാനത്ത് സ്ഥിരം വേദി നിർമിച്ചു. 1971ൽ പാക്കിസ്ഥാനെതിരായ വിജയത്തിനുശേഷം ഇന്ദിരാഗാന്ധി ഇവിടെ റാലിയെ അഭിസംബോധന ചെയ്തു. 1974 നവംബർ 26ന് സോവിയറ്റ് നേതാവ് ലിയോണിഡ് ബ്രെഷ്നെവിന്‍റെ ആദരാർഥവും പൊതുയോഗം നടന്നു.
1975 ജൂൺ 25ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ജയപ്രകാശ് നാരായണും അടൽ ബിഹാരി വാജ്പേയിയും ഇവിടെ നടന്ന റാലിയിൽ പ്രസംഗിച്ചു. 2013ൽ അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ഇതേ വേദിയിലായിരുന്നു.