കർതാർപുരിലെ ഗുരുദ്വാര ദർബാർ സാഹിബ്

 
India

കർതാർപുർ ഇടനാഴി തുറക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ

സിഖ് സമൂഹത്തിന്‍റെ വിശ്വാസത്തോടും ആത്മീയ വികാരങ്ങളോടും ഏറെ ബന്ധപ്പെട്ടതാണ് കർതാർപുർ ഇടനാഴിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടി

Sarath Nath MS

ചണ്ഡീഗഢ്: കർതാർപുർ ഇടനാഴി വീണ്ടും തുറക്കണമെന്നും അട്ടാരി-വാഗാ അതിർത്തി വഴിയുള്ള വ്യാപാരം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ പർഗത് സിങ്. സിഖ് സമൂഹത്തിന്‍റെ വിശ്വാസത്തോടും ആത്മീയ വികാരങ്ങളോടും ഏറെ ബന്ധപ്പെട്ടതാണ് കർതാർപുർ ഇടനാഴിയെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഗുരുനാനാക്കിന്‍റെ ജീവിതവുമായും ഉപദേശങ്ങളുമായും അടുത്ത ബന്ധമുള്ള പാക്കിസ്ഥാനിലെ കർതാർപുർ ദർബാർ സാഹിബ് സന്ദർശിക്കാൻ കഴിയാത്തത് ലക്ഷക്കണക്കിന് വിശ്വാസികൾക്ക് നിരാശയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇടനാഴി എത്രയും വേഗം സുരക്ഷിതമായി തുറക്കുന്നതിനായി പാക്കിസ്ഥാനുമായി നയതന്ത്ര ചർച്ചകൾ ആരംഭിക്കണമെന്ന് പർഗത് സിങ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഗുരുനാനാക്ക് ജീവിതത്തിന്‍റെ അവസാനകാലം ചെലവഴിച്ച പാക്കിസ്ഥാനിലെ കർതാർപുർ ദർബാർ സാഹിബിനെയും പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിലെ ഡേരാ ബാബാ നാനക് തീർഥാടനകേന്ദ്രത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ ഇടനാഴി. കഴിഞ്ഞ വർഷം മേയ് ഏഴിന് പാക്കിസ്ഥാനെതിരേ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇടനാഴി അടച്ചത്.

അട്ടാരി-വാഗാ അതിർത്തി വഴിയുള്ള വ്യാപാരം പുനരാരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരമേഖലയിലെ നിയന്ത്രണം പഞ്ചാബിലെ കച്ചവടക്കാർ, കർഷകർ, തൊഴിലാളികൾ, ഗതാഗത മേഖലയിലുള്ളവർ എന്നിവരുടെ ഉപജീവനത്തെ ബാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം പഞ്ചാബിന്‍റെ സാമ്പത്തിക താൽപര്യങ്ങൾക്കും മതവികാരങ്ങൾക്കും പരിഗണന നൽകണം. സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഉറപ്പാക്കി വ്യാപാരം പുനരാരംഭിക്കുന്ന കാര്യം കേന്ദ്രം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.