പ്രതിപക്ഷ എംപിമാരെയും വഹിച്ച് ജന്തർ മന്തറിലേക്ക് പോകുന്ന ബസ്

 
India

ഡൽഹിയിൽ വീണ്ടും പ്രതിപക്ഷ പ്രതിഷേധം; ജന്തർ മന്തറിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബസിൽ പുറപ്പെട്ട് എംപിമാർ

ബുധനാഴ്ച ഉച്ചയ്ക്ക് ജൻപഥിൽ നിന്ന് മൂന്ന് ബസുകളിൽ പുറപ്പെട്ട ഇവരെ ഇപ്പോൾ ഡൽഹി പൊലീസ് തടഞ്ഞിരിക്കുകയാണ്

Sarath Nath MS

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ സമരവുമായി പ്രതിപക്ഷം. മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ജന്തർ മന്തറിലേക്ക് ഇന്ത്യാ സഖ്യത്തിലെ എംപിമാർ പുറപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ജൻപഥിൽ നിന്ന് മൂന്ന് ബസുകളിൽ പുറപ്പെട്ട ഇവരെ ഇപ്പോൾ ഡൽഹി പൊലീസ് തടഞ്ഞിരിക്കുകയാണ്.

ഉച്ചയ്ക്ക് 1.30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെുക്കാനാണ് എംപിമാർ എത്തിയത്. ജൻ‌പഥിലെ സാഗർ രത്ന റസ്റ്റോറന്‍റിലായിരുന്നു ഉച്ചഭക്ഷണം. എന്നാൽ വീണ്ടും സമരം നടത്താൻ പോകുകയാണെന്ന സൂചനയൊന്നും നൽകിയിരുന്നില്ല.

തുടർന്ന് ഭക്ഷണത്തിന് പിന്നാലെ ബസുകൾ എത്തുകയും എംപിമാരെയും വഹിച്ച് ജന്തർ മന്തറിലേക്ക് പുറപ്പെടുകയുമായിരുന്നു. ബസുകൾ പുറപ്പെട്ടതോടെയാണ് പൊലീസിനും സമരത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ ബസുകൾ തടയാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു പൊലീസ്. ജന്തർ മന്തറിലേക്കുള്ള റോഡുകൾ അടച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ പൊലീസിനെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ശക്തമായി രംഗത്തുന്നുണ്ട്. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്‍റെ വാഹനങ്ങൾ കുറുകെയിട്ടാണ് എംപിമാരുടെ ബസുകൾ പൊലീസ് തടഞ്ഞത്. എന്നാൽ ബസുകൾക്ക് വഴിയാരുക്കാൻ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്.

കനത്ത പൊലീസ് വിന്യാസമാണ് ജന്തർ മന്തറിൽ ഒരുക്കിയിരിക്കുന്നത്. ഡൽഹി പൊലീസ്, സിആർപിഎഫ്, ആർഎഎഫ് എന്നിവരെ വിന്യസിച്ചു. കൂടുതൽ പൊലീസുകാർ ജന്തർ മന്തറിലേക്ക് എത്തുന്നുവെന്നാണ് വിവരം. പ്രതിഷേധക്കാരെ ഒരു കാരണവശാലും ജന്തർ മന്തറിലേക്ക് എത്താൻ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണ് പൊലീസ്. എന്നാൽ ജന്തർ മന്തറിലേക്ക് പോകുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിഷേധക്കാർ. നിലവിൽ ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചതിനാൽ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് പ്രവർത്തകർ.

ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ പാർലമെന്‍റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ മാർച്ച് പൊലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധി ആകാശവാണി ഭവനിൽ എട്ട് മണിക്കൂറിലധികം കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. തുടർന്ന് രാഹുൽ ഗാന്ധിയെയും മറ്റുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് മണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷം രാത്രി പത്തിന് വിട്ടയക്കുകയുമായിരുന്നു. ഇതിനു തൊട്ടുപിറ്റേ ദിവസമാണ് വീണ്ടും ശക്തമായ സമരവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.