പാക് വ്യോമപാത വിലക്ക്; ബദൽ പാതയ്ക്കായി ചൈനയുമായി ഇന്ത്യ ചർച്ചയിൽ
representative image
ന്യൂഡൽഹി: പാക്കിസ്ഥാൻ വ്യോമപാത ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ബദൽ റൂട്ട് ഒരുക്കുന്നതിനായി ചൈനയുമായി ഇന്ത്യ ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ചൈനയിലെ സിൻജിയാങ് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
ചർച്ചകൾ ഒരു വർഷത്തിലേറെയായി തുടരുന്നതായും സിൻജിയാങ്ങിലെ ഹോട്ടൻ വഴി വിമാനങ്ങൾ സർവീസ് നടത്തുന്നതിനുള്ള സാധ്യതയാണ് പരിഗണിക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബദൽ റൂട്ടുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരുമായി ചർച്ച നടത്തുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് പുതിയ വിവരം പുറത്തുവന്നത്.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2025 ഏപ്രിൽ മുതൽ പാക് വ്യോമപാത ഇന്ത്യയ്ക്ക് അടച്ചിരിക്കുകയാണ്. ഇതോടെ ദീർഘദൂര അന്താരാഷ്ട്ര സർവീസുകൾക്ക് ബദൽ റൂട്ടുകൾ കണ്ടെത്തുന്നത് പ്രധാന വിഷയമായി മാറിയിട്ടുണ്ട്.
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത നിയന്ത്രണം പാക്കിസ്ഥാൻ രണ്ടാഴ്ച മുൻപ് വീണ്ടും ഒരു മാസത്തേക്ക് നീട്ടിയിരുന്നു. 2025ലെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് നടന്ന ഇന്ത്യ-പാക്കിസ്ഥാൻ സൈനിക സംഘർഷത്തിനും പിന്നാലെയാണ് നിയന്ത്രണം തുടരുന്നത്.
അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വ്യോമബന്ധവും വീണ്ടും ശക്തമാകുകയാണ്. ചൈന സതേൺ എയർലൈൻസ് സെപ്റ്റംബർ 21 മുതൽ ഗ്വാങ്‌ഷൗ–ന്യൂഡൽഹി നേരിട്ടുള്ള സർവീസ് പുനരാരംഭിച്ചിരുന്നു. ആറ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ സർവീസ് പുനരാരംഭിച്ചത്.
കോവിഡ് മഹാമാരിക്കും ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷങ്ങൾക്കും പിന്നാലെ തടസപ്പെട്ടിരുന്ന ഇരു രാജ്യങ്ങളിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുകയാണ്. ഇന്ത്യൻ വിമാനക്കമ്പനികളിൽ ആദ്യം ചൈനയിലേക്കുള്ള നേരിട്ടുള്ള സർവീസ് പുനരാരംഭിച്ചത് ഇൻഡിഗോയാണ്. 2025 ഒക്റ്റോബറിൽ കൊൽക്കത്ത–ഗ്വാങ്‌ഷൗ സർവീസ് പുനരാരംഭിച്ച കമ്പനി പിന്നീട് നവംബറിൽ ഡൽഹി–ഗ്വാങ്‌ഷൗ സർവീസും ആരംഭിച്ചു.
എയർ ഇന്ത്യ ഫെബ്രുവരി ഒന്നിന് ഡൽഹി–ഷാങ്ഹായ് നേരിട്ടുള്ള സർവീസ് പുനരാരംഭിച്ചിരുന്നു. ഏകദേശം ആറ് വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ഇത്. തുടക്കത്തിൽ ആഴ്ചയിൽ നാല് സർവീസുകളാണ് ഉണ്ടായിരുന്നത്. മാർച്ച് 29 മുതൽ ഇത് അഞ്ച് സർവീസുകളാക്കി ഉയർത്തി.