പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി കൂട്ടിയിടിച്ച് പാക്കിസ്ഥാൻ നാവികസേനയുടെ പടക്കപ്പൽ. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് അറബിക്കടലിൽ വച്ചാണ് ഇരു സേനകളുടെയും കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചത്. സംഭവത്തിൽ പാക്കിസ്ഥാന്‍റെ ഉന്നത നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ പതിവ് പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യയുടെ യുദ്ധക്കപ്പലിന് നേർക്ക് പാക്കിസ്ഥാന്‍റെ പടക്കപ്പൽ അതിവേഗത്തിൽ വരികയായിരുന്നു. ഇതോടെ രണ്ട് കപ്പലുകളും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് കപ്പലുകൾക്കും വലിയ നാശനഷ്ടമൊന്നും ഉണ്ടായില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം അപകടത്തിൽപ്പെട്ട കപ്പലുകളുടെ പേരുവിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ചാർജ് ഡി അഫയേഴ്സായ സാദ് വാറൈച്ചിനെയാണ് ബുധനാഴ്ച വിളിച്ചുവരുത്തിയത്. പാക്കിസ്ഥാൻ നാവികസേനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഒരിക്കലും അംഗീകരിക്കാനാവാത്തതും പ്രൊഫഷണലല്ലാത്ത പെരുമാറ്റമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
1991 ഏപ്രിലിൽ സൈനികാഭ്യാസം സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉണ്ടാക്കിയ കരാറിന്‍റെ 10ാം ആർട്ടിക്കിളിന്‍റെ ലംഘനമാണ് പാക് നാവിക കപ്പലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മതിയായ കരുതൽ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട പാക് അധികൃതരെ അറിയിക്കാനും ചാർജ് ഡി അഫയേഴ്സിനോട് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന് മുൻപാകെ പ്രതിഷേധം അറിയിക്കാൻ ഇസ്ലാമാബാദിലെ ഇന്ത്യൻ ചാർജ് ഡി അഫയേഴ്സിനും നിർദ്ദേശം നൽകി.