പാക്കിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിഖ് മാലിക്

 
India

പാക് മന്ത്രി ഡൽഹിയിലെത്തിയത് വിവാദത്തിൽ; കേന്ദ്രത്തിന്‍റെ വിദേശനയത്തിനെതിരേ പ്രതിപക്ഷം

2025 മേയിൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് നേതാവാണ് മുസാദിഖ് മാലിക്

Sarath Nath MS

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) യോഗത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിഖ് മാലിക് ഡൽഹിയിലെത്തിയതോടെ രാജ്യത്ത് രാഷ്ട്രീയ വിവാദം. കേന്ദ്ര സർക്കാരിന്‍റെ വിദേശനയത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി.

ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചതിനെതിരേ നേരത്തെ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയ നേതാവാണ് മുസാദിഖ് മാലിക്. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. ബിജെപിയുടെ വിദേശനയം ആശയക്കുഴപ്പം നിറഞ്ഞതാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് ഫഖ്റുൽ ഹസൻ ചന്ദ് വിമർശിച്ചു. സംഭാഷണവും ഭീകരവാദവും ഒരേസമയം നടക്കില്ലെന്ന് ബിജെപി പറയുമ്പോൾ പാക് മന്ത്രി എസ്‌സിഒ യോഗത്തിനായി ഇന്ത്യയിലെത്തുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര സർക്കാർ വിദേശനയത്തിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് സുരേന്ദ്ര രാജ്പുത്തും ആരോപിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരേ കളിക്കാൻ താരങ്ങളോട് ആവശ്യപ്പെടുന്ന ബിജെപി ഇപ്പോൾ പാക് മന്ത്രിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമെരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്ര രാജ്പുത്ത് ആരോപിച്ചു.

സിന്ധു നദീജല കരാർ മരവിപ്പിച്ചതിനെതിരേ മാലിക് നടത്തിയ പരാമർശങ്ങൾ ഓർമിപ്പിച്ച കോൺഗ്രസ് എംപി പ്രമോദ് തിവാരി, അദ്ദേഹത്തിന്‍റെ ഭാഷ ഒരു മന്ത്രിയുടേതല്ലെന്നും ഭീകരന്‍റേതാണെന്നും വിമർശിച്ചു. ഭീകരവാദവും ചർച്ചയും ഒരുമിച്ച് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് മന്ത്രിയുടെ സന്ദർശനത്തിന് അനുമതി നൽകിയതിനെ ചോദ്യം ചെയ്ത് എൻസിപി (എസ്പി) നേതാവ് ക്ലൈഡ് ക്രാസ്റ്റോയും രംഗത്തെത്തി. ബിജെപിക്ക് വിദേശനയത്തിൽ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

2023ൽ ഗോവയിൽ നടന്ന എസ്‌സിഒ യോഗത്തിൽ ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് ഫെഡറൽ മന്ത്രിയാണ് മുസാദിഖ് മാലിക്. 2025 മേയിൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് നേതാവുമാണ് അദ്ദേഹം.

അതേസമയം, തന്‍റെ സന്ദർശനം ഉഭയകക്ഷി ചർച്ചകൾക്കുള്ളതല്ലെന്ന് മാലിക് വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചതിനെതിരേ നേരത്തെ മാലിക് രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. ജലത്തിന് നേരെ കൈവെക്കുന്നവരുടെ കൈകൾ വെട്ടുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭീഷണി.

എസ്‌സിഒ യോഗത്തിലേക്ക് ഇന്ത്യ ആദ്യം ക്ഷണിച്ചത് പാക്കിസ്ഥാന്‍റെ സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിയെയായിരുന്നു. എന്നാൽ പിന്നീട് ഖിച്ചിക്ക് പകരം മുസാദിഖ് മാലിക്കിനെ പാക്കിസ്ഥാൻ നാമനിർദേശം ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ പ്രധാന എസ്‌സിഒ സംരംഭമായ സിവിലൈസേഷനൽ ഡയലോഗ് ഫോറം നവംബർ 20 മുതൽ 22 വരെയാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വൈകിട്ട് ഫോറം ഉദ്ഘാടനം ചെയ്യും. ചൈന, റഷ്യ, ഇന്ത്യ, പാക്കിസ്ഥാൻ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ, ബെലാറസ് എന്നീ പത്ത് രാജ്യങ്ങളാണ് എസ്‌സിഒയിൽ അംഗങ്ങളായുള്ളത്.