കശ്മീരിൽ അതിർത്തിക്കടുത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പാക് പൗരൻ അറസ്റ്റിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പാക്കിസ്ഥാൻ പൗരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജരൻവാലി സ്വദേശിയായ അവൈസ് റസ (20)യെയാണ് അറസ്റ്റ് ചെയ്തത്. ജമ്മുവിൽ നിന്ന് ശനിയാഴ്ച രാവിലെ 7.30ഓടെയാണ് ഇയാൾ പിടിയിലായത്.
അർണിയ മേഖലയിലെ ഹരാപീർ പാലത്തിന് സമീപത്താണ് ഇയാളെ സംശയാസ്പദമായ രീതിയിൽ പൊലീസ് കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ഇയാൾ പാക് പൗരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇന്ത്യൻ ഭാഗത്ത് എത്തിയതെന്നും അതിർത്തിവേലി കടന്നത് എങ്ങനെയാണെന്നും കണ്ടെത്തുന്നതിനായി സുരക്ഷാ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.