കെ. പത്മരാജൻ
ന്യൂഡൽഹി: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ. പത്മരാജന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ ബിജെപി നേതാവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് നടപടി.
ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കണ്ണൂർ പാലത്തായിയിലെ 10 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് പത്മരാജൻ അറസ്റ്റിലായത്. 376 എബി, ബലാത്സംഗം, പോക്സോ ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്കൂളിലെ ശുചിമുറിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ.
എന്നാല്, പ്രതിക്കെതിരേ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്കു മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. 2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിൽ തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.