ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര എഫ്ഡിഎയുടെ നോട്ടീസ്

 
India

പാൻമസാല പരസ്യവിവാദം; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര എഫ്ഡിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

നിരോധിത പാൻമസാല, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ പരോക്ഷമായ പരസ്യപ്രചാരണം നടത്തിയതായി വിലയിരുത്തിയാണ് നടപടി

Sarath Nath MS

മുംബൈ: വിമൽ ഏലക്കായുടെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കാരണം കാണിക്കൽ നോട്ടീസ് നൽകി. നിരോധിത പാൻമസാല, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ പരോക്ഷമായ പരസ്യപ്രചാരണം നടത്തിയതായി വിലയിരുത്തിയാണ് നടപടി.

‘വിമൽ ഏലാച്ചി’ എന്ന പേര് ഉപയോഗിച്ചുള്ള പരസ്യം വിമൽ പാൻമസാല ബ്രാൻഡുമായി ബന്ധം സൃഷ്ടിക്കുന്നതായും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് നിരോധിത ഉൽപന്നത്തിന്‍റെ പരോക്ഷ പ്രചാരണം നടത്താൻ ഇടയാക്കുന്നതായും എഫ്ഡിഎ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ വിമൽ ബ്രാൻഡ് പാൻമസാലയുമായി ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, പരസ്യത്തിലെ അതേ ബ്രാൻഡ് ഐഡന്‍റിറ്റി ഉപയോഗിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും ഗ്രേറ്റർ മുംബൈ ഡിവിഷൻ ഓഗസ്റ്റ് 11ന് നൽകിയ നോട്ടീസിൽ വ്യക്തമാക്കി. മൂന്ന് പേരെയും ബ്രാൻഡ് എൻഡോഴ്സർമാരായി വിശേഷിപ്പിച്ച നോട്ടീസിൽ 15 ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു.

വിമൽ പാൻമസാല/ഏലക്കായ പരസ്യത്തിലെ പങ്കാളിത്തവും എൻഡോഴ്സ്മെന്‍റും ഉടൻ അവസാനിപ്പിക്കാനും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വെബ്സൈറ്റുകൾ, തങ്ങളുടെ നിയന്ത്രണത്തിലുള്ള മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിൽനിന്ന് പ്രചാരണ ഉള്ളടക്കം നീക്കം ചെയ്യാനും എഫ്ഡിഎ നടന്മാരോട് നിർദേശിച്ചു. പരസ്യത്തിന്‍റെ സംപ്രേഷണം, പ്രസിദ്ധീകരണം, പ്രചാരണം എന്നിവയിൽ ഇനി യാതൊരു സഹകരണവും നൽകാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. നോട്ടീസിനെ ‘അവസാന മുന്നറിയിപ്പ്’ എന്നാണ് എഫ്ഡിഎ വിശേഷിപ്പിച്ചത്.

നോട്ടീസ് ലഭിച്ച തീയതി മുതൽ 15 ദിവസത്തിനകം രേഖകൾ സഹിതം വിശദീകരണം എഴുതി നൽകണം. നിശ്ചിത സമയത്തിനകം വിശദീകരണം ലഭിക്കാതിരിക്കുകയോ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ കൂടുതൽ അറിയിപ്പില്ലാതെ തുടർനടപടി സ്വീകരിക്കുമെന്ന് എഫ്ഡിഎ മുന്നറിയിപ്പ് നൽകി.

പാർട്ടി തന്ന 4.5കോടിക്ക് കാറ് വാങ്ങി, എന്‍റെ പ്രാക്ക് അവർക്കുണ്ടാവും; ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്ന് പി.സി. ജോർജ്

വാരണാസി വിമാനത്താവളത്തിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി; രണ്ട് പേർക്ക് പരുക്ക്

പരീക്ഷ ക്രമക്കേട്; രാഹുൽ ഗാന്ധിയുടെയും ഹേമന്ത് സോറ‍ന്‍റെയും കോലം കത്തിക്കാനൊരുങ്ങി ഝാർഖണ്ഡിലെ വിദ‍്യാർഥികൾ

ഓണാവേശത്തിലേക്ക് കേരളം; തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയ്ക്ക് മുഖ്യമന്ത്രി തിരികൊളുത്തി, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

സ്വന്തം തട്ടകത്തിൽ ഓസീസിന് അടിതെറ്റി; കളി പഠിപ്പിച്ച് ബംഗ്ലാദേശ്, ഇത് ചരിത്ര ജയം