പാർലമെന്‍റ് സുരക്ഷാവീഴ്ച കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി ഡൽഹി കോടതി

 
India

പാർലമെന്‍റ് സുരക്ഷാവീഴ്ച കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി ഡൽഹി കോടതി

ഡി. മനോരഞ്ജൻ, സാഗർ ശർമ എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രത്യേക കോടതി ജഡ്ജി കിരൺ ബൻസാൽ തള്ളിയത്

Sarath Nath MS

ന്യൂഡൽഹി: 2023ലെ പാർലമെന്‍റ് സുരക്ഷാവീഴ്ച കേസിൽ പ്രതികളായ രണ്ട് പേരുടെ ജാമ്യാപേക്ഷ ഡൽഹി കോടതി വീണ്ടും തള്ളി. ഡി. മനോരഞ്ജൻ, സാഗർ ശർമ എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രത്യേക കോടതി ജഡ്ജി കിരൺ ബൻസാൽ തള്ളിയത്.

ദീർഘകാലമായി ജയിലിൽ കഴിയുന്നതും കേസിലെ മറ്റ് രണ്ട് പ്രതികൾക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യം തേടിയത്. എന്നാൽ യുഎപിഎ ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.

2025 ജൂലൈ രണ്ടിനാണ് കേസിലെ സഹപ്രതികളായ നീലം റൗലിയ എന്ന നീലം ആസാദ്, മഹേഷ് കുമാവത്ത് എന്നിവർക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഈ വിധിയുടെ ആനുകൂല്യം മനോരഞ്ജനും സാഗർ ശർമയ്ക്കും അവകാശപ്പെടാനാകില്ലെന്ന് പ്രത്യേക കോടതി പറഞ്ഞു.

നീലം പാർലമെന്‍റിന് പുറത്തായിരുന്നുവെന്നും മഹേഷ് സംഭവദിവസം ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ മനോരഞ്ജനും സാഗർ ശർമയും പാർലമെന്‍റിന്‍റെ പ്രധാന സമുച്ചയത്തിനുള്ളിൽ പ്രവേശിക്കുകയും ലോക്സഭയിലെ സന്ദർശക ഗാലറിയിൽ നിന്ന് സഭാ ഹാളിലേക്ക് ചാടിയിറങ്ങുകയും ചെയ്തവരാണെന്ന് പ്രത്യേക കോടതി ചൂണ്ടിക്കാട്ടി. ഇവർ ഷൂസിനുള്ളിൽ ഒളിപ്പിച്ചിരുന്ന പുക കാനിസ്റ്ററുകൾ ഉപയോഗിച്ച് സഭാ നടപടികൾ തടസപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ പ്രവൃത്തികൾ പാർലമെന്‍റ് നടപടികൾ തടസപ്പെടുത്തുകയും രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയർത്തുകയും ചെയ്തതായും കോടതി വ്യക്തമാക്കി.

2023 ഡിസംബർ 13നാണ് രാജ്യത്തെ ഞെട്ടിച്ച പാർലമെന്‍റ് സുരക്ഷാവീഴ്ചയുണ്ടായത്. 2001ലെ പാർലമെന്‍റ് ഭീകരാക്രമണത്തിന്‍റെ വാർഷികദിനത്തിൽ സന്ദർശക ഗാലറിയിൽ നിന്ന് ലോക്സഭാ ഹാളിലേക്ക് ചാടിയിറങ്ങിയ സാഗർ ശർമയും മനോരഞ്ജനും പുക പുറപ്പെടുവിക്കുന്ന കാനിസ്റ്ററുകൾ ഉപയോഗിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പിന്നീട് എംപിമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ഇവരെ കീഴടക്കി.

മനോരഞ്ജൻ, സാഗർ ശർമ, അമോൽ ധൻരാജ് ഷിൻഡെ, നീലം റൗലിയ, ലളിത് ഝാ, മഹേഷ് കുമാവത്ത് എന്നിവരാണ് കേസിലെ ആറ് പ്രതികൾ.