മെയിൻപാൽ ധില്ലയും വധുവായ കംബോഡിയൻ യുവതി മേത ചാനും കുട്ടികൾക്കൊപ്പം
ന്യൂഡൽഹി: വിവാഹം കഴിക്കാനായി 22 കേസുകളിൽ പ്രതിയായ ഗൂണ്ടയ്ക്ക് പരോൾ അനുവദിച്ചു. കംബോഡിയൻ യുവതിയെ കല്യാണം കഴിക്കാനാണ് ഹരിയാനയിലെ ജജ്ജാറിലെ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മെയിൻപാൽ ധില്ലയ്ക്ക് പരോൾ അനുവദിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ 12 മണിക്കൂർ ആണ് പരോൾ അനുവദിച്ചിരിക്കുന്നത്. ജയിലിന് സമീപത്തെ ഫാം ഹൗസിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. വിവാഹ ചടങ്ങുകൾ പൂർത്തിയായാൽ ഇയാളെ തിരികെ ജയിലിൽ എത്തിക്കും. കംബോഡിയ സ്വദേശിനിയായ മേത ചാൻ ആണ് വധു.
കഴിഞ്ഞ വർഷമാണ് കംബോഡിയയിൽ നിന്ന് ഇയാളെ തിരികെ എത്തിച്ചത്. ജജ്ജാർ ബാഡ്‌ലി സ്വദേശിയായ ഇയാൾ മുൻപ് പരോൾ ലഭിച്ച വേളയിൽ കംബോഡിയയിലേക്ക് കടന്നുകളഞ്ഞിരുന്നു. അവിടെ വച്ചാണ് മേത ചാനിനെ പരിചയപ്പെട്ടത്. തുടർന്ന് ഒരുമിച്ച് താമസം തുടങ്ങിയ ഇവർക്ക് നാല് കുട്ടികൾ ജനിക്കുകയും ചെയ്തു. വിവാഹത്തിൽ പങ്കെടുക്കാനായി മൂന്ന് കുട്ടികൾക്കൊപ്പം മേത ചാൻ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഒരു കുട്ടി കംബോഡിയയിൽ തന്നെ തുടരും.
കൊലപാതകം അടക്കം 22 കേസുകളിൽ പ്രതിയാണ് മെയിൻപാൽ ധില്ല. 2007 മുതൽ 2010 വരെ ഫയൽ ചെയ്ത മൂന്ന് കേസുകളിൽ ഹിസാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവേ 2018 ജൂലൈയിൽ ഇയാൾക്ക് ആറ് ആഴ്ചത്തെ പരോൾ ലഭിച്ചിരുന്നു. ഈ വേളയിലാണ് സോനു കുമാർ എന്ന വ്യാജ പേരിൽ ഇയാൾ കംബോഡിയയിലേക്ക് കടന്നുകളഞ്ഞത്. തുടർന്ന് അവിടെ ബിസിനസ് ആരംഭിക്കുകയും ചെയ്തു.
എന്നാൽ ഇയാൾ കംബോഡിയയിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരം ഇന്‍റലിജൻസ് ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഇതോടെ ഹരിയാന പൊലീസ് ഇന്‍റർപോൾ മുഖേനെ 2024 നവംബറിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് 2025 ജൂലൈയിൽ കംബോഡിയയിൽ അറസ്റ്റിലായ ഇയാളെ സെപ്റ്റംബറിൽ ഇന്ത്യയ്ക്ക് കൈമാറി.