മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഒക്റ്റോബർ 30ന് നടത്താനുദേശിക്കുന്ന 'ജനകീയ ഇംപീച്ച്മെന്റ്' നടപടികൾക്ക് അന്തിമരൂപം നൽകി ഇന്ത്യാ സഖ്യ നേതാക്കൾ. വോട്ടുകൊള്ള ആരോപണത്തിൽ പ്രതീകാത്മക പ്രതിഷേധമെന്ന നിലയിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഡൽഹിയിലെ 10 രാജാജി മാർഗിലെ വസതിയിൽ ഉച്ചയ്ക്ക് 3.30നാണ് പരിപാടി.
വ്യാഴാഴ്ച ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ ചേർന്ന യോഗത്തിൽ പ്രതിഷേധത്തിന്റെ നടപടിക്രമങ്ങൾ ചർച്ച ചെയ്തു. ഖാർഗെ ബെംഗളൂരുവിലായിരുന്നതിനാൽ യോഗത്തിൽ പങ്കെടുത്തില്ല. വെള്ളിയാഴ്ച പ്രതിപക്ഷ എംപിമാർ നടത്തുന്ന മാതൃകാ പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, കെ.സി. വേണുഗോപാൽ, തൃണമൂൽ കോൺഗ്രസിന്റെ ഡെറിക് ഒബ്രിയൻ, സമാജ്വാദി പാർട്ടിയുടെ ഹരേന്ദ്ര മാലിക്, ജെഎംഎമ്മിന്റെ മഹുവ മാജി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വോട്ടുകൊള്ളയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ നടത്തിയെന്ന് ആരോപിക്കുന്ന ക്രമക്കേടുകളും കാരണമാണ് പ്രതിഷേധം തുടരുന്നതെന്ന് ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഖാർഗെ പറഞ്ഞു. വെള്ളിയാഴ്ച മാതൃകാ പാർലമെന്റ് സമ്മേളനവും നവംബർ ഒന്നിന് റാലിയും നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ റാലിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച കോൺഗ്രസ് മാധ്യമ-പ്രചാരണ വിഭാഗം മേധാവി പവൻ ഖേര, ജനകീയ ഇംപീച്ച്മെന്റുമായി മുന്നോട്ടുപോകേണ്ട രീതി യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായി അറിയിച്ചു. ജനകീയ ഇംപീച്ച്മെന്റിൽ ഓരോ പാർട്ടിയിൽ നിന്നും ഒരാൾ മാത്രമായിരിക്കും സംസാരിക്കുകയെന്ന് സമാജ്വാദി പാർട്ടി നേതാവ് ഹരേന്ദ്ര മാലിക് പറഞ്ഞു. പാർട്ടി അധ്യക്ഷൻ നേരിട്ടോ അദ്ദേഹം നിയോഗിക്കുന്ന പ്രതിനിധിയോ സംസാരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.