മല്ലികാർജുൻ ഖാർഗെ 
India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ 'ജനകീയ ഇംപീച്ച്മെന്‍റ്'; ഒക്റ്റോബർ 30ന് ഖാർഗെയുടെ വസതിയിൽ

ന്യൂഡൽഹിയിലെ രാജാജി മാർഗിലെ പത്താം നമ്പർ വസതിയാണ് പരിപാടിക്കായി തീരുമാനിച്ചിരിക്കുന്നത്

Sarath Nath MS

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ 'ജനകീയ ഇംപീച്ച്‌മെന്‍റ്' പരിപാടി ഒക്റ്റോബർ 30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിൽ നടത്താൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. അശോക് ഹോട്ടലിലും രാംലീല മൈതാനത്തും പരിപാടി നടത്താനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് വേദി മാറ്റിയതെന്നാണ് റിപ്പോർട്ട്.

ന്യൂഡൽഹിയിലെ രാജാജി മാർഗിലെ പത്താം നമ്പർ വസതിയാണ് പരിപാടിക്കായി തീരുമാനിച്ചിരിക്കുന്നത്. നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടത്താനിരിക്കുന്ന മഹാറാലിക്ക് മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജ്ഞാനേഷ് കുമാറിനെതിരായ പരിപാടി നടത്താൻ അനുമതി നിഷേധിച്ചെന്ന് കോൺഗ്രസ് ചൊവ്വാഴ്ച ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് സംവിധാനം തകർത്തശേഷം സാധാരണക്കാരുടെ ശബ്ദം നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

സർക്കാർ നിയന്ത്രണത്തിലുള്ള അശോക് ഹോട്ടൽ ആദ്യം പരിപാടിക്ക് അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് പൊലീസിന്‍റെ ഇടപെടലിനെ തുടർന്ന് അനുമതി നിഷേധിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇത് ഡൽഹി പൊലീസിന്‍റെ മാത്രം തീരുമാനമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും തീരുമാനമാണെന്നും വേണുഗോപാൽ പറഞ്ഞു. ജ്ഞാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്ഐആർ നടപടികളിലും തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ച് ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമാണ് ജനകീയ ഇംപീച്ച്‌മെന്‍റ് പരിപാടിയും നവംബർ ഒന്നിലെ റാലിയും.