പിഎഫിൽ വൻ മാറ്റം: തൊഴിലാളി വിഹിതം മിനിമം 1800 രൂപ; പണം പിൻവലിക്കാൻ ഇനി കൂടുതൽ എളുപ്പം!
ന്യൂഡൽഹി: പ്രൊവിഡന്‍റ്സ് ഫണ്ടിൽ തൊഴിലാളികളും സ്ഥാപനയുടമകളും നിർബന്ധമായും അടയ്ക്കേണ്ട വിഹിതം പരമാവധി 1,800 രൂപയാക്കി. ഇതിൽ കൂടുതൽ തുക തൊഴിലാളിയോ സ്ഥാപന ഉടമയോ സ്വമേധയാ അടയ്ക്കുന്ന തുകയായി കണക്കാക്കും.
തൊഴിലാളി നൽകുന്ന വിഹിതത്തിന് 1800 രൂപയിലധികം അടയ്ക്കണോ എന്നത് സ്ഥാപന ഉടമയുടെ മാത്രം തീരുമാനമായിരിക്കും. കൂടുതൽ വിഹിതം അടയ്ക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും അത് വേണ്ടെന്നു വയ്ക്കാനാവും.
പ്രൊവിഡന്‍റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള വ്യവസ്ഥകളും ലളിതമാക്കി. നിലവിൽ 13 കാര്യങ്ങൾക്കായി പിൻവലിക്കാം എന്നാണ് പുതിയ വ്യവസ്ഥയിലുള്ളത്. ഇത് മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ചികിത്സ, വിവാഹം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന അത്യാവശ്യങ്ങൾ, വീട് പണി, വാഹനം വാങ്ങൽ എന്നിവയും സവിശേഷ സാഹചര്യങ്ങൾ എന്നിങ്ങനെ 3 വിഭാഗങ്ങളാണ് പണം പിൻവലിക്കാനുള്ള സൗകര്യമുള്ളത്.