ജെയ്ഷെ ഭീകരൻ മുഹമ്മദ് സഹറുൾ ഇസ്ലാം, ഇയാളിൽ നിന്ന് പിടികൂടിയ എകെ 47 റൈഫിൾ സമീപം

 
India

വ്യോമസേനാ താവളം ആക്രമിക്കാൻ പദ്ധതിയിട്ടു; ഗുജറാത്തിൽ എകെ 47 തോക്കുമായി ജെയ്ഷെ ഭീകരൻ അറസ്റ്റിൽ

അസമിലെ കരീംഗഞ്ച് സ്വദേശിയായ മുഹമ്മദ് സഹറുൾ ഇസ്ലാം (22) ആണ് അറസ്റ്റിലായത്

Sarath Nath MS

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന് വേണ്ടി പ്രവർത്തിക്കുന്ന ഭീകരനെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) ആണ് ഇയാളെ പിടികൂടിയത്.

അസമിലെ കരീംഗഞ്ച് സ്വദേശിയായ മുഹമ്മദ് സഹറുൾ ഇസ്ലാം (22) ആണ് അറസ്റ്റിലായത്. വഡോദരയിലെ എയർഫോഴ്സ് സ്റ്റേഷനിലേക്ക് ഒറ്റയാൾ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാൾ. എയർഫോഴ്സ് സ്റ്റേഷന്‍റെ ചിത്രങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ഹാൻഡ്‌ലർമാരുടെ നിർദേശപ്രകാരമാണ് ഇയാൾ ഭീകരാക്രമണത്തിന് എത്തിയത്. ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് എടിഎസ് ഡിഐജി സുനിൽ ജോഷി പറഞ്ഞു.

ഇയാളിൽ നിന്ന് ഒരു എകെ 47 റൈഫിൾ, 23 വെടിയുണ്ടകൾ, ജെയ്ഷെ മുഹമ്മദിന്‍റെ കൊടി, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ഒരു വർഷമായി ജെയ്ഷെ മുഹമ്മദ് ഹാൻഡ്‌ലർമാരുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ആറ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഗുജറാത്ത് എടിഎസും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഭീകരാക്രമണം നടപ്പാക്കാൻ ഇയാൾ ഗുജറാത്തിലേക്ക് യാത്ര തിരിച്ചതായി വിവരം ലഭിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ അസമിൽ നിന്ന് ചുറ്റിവളഞ്ഞാണ് ഇയാൾ ഗുജറാത്തിലെത്തിയത്. ഇതിനായി പല ട്രെയ്നുകളും ബസുകളും മാറിക്കയറി. ഇതാദ്യമായല്ല ഇയാൾ ഗുജറാത്തിലെത്തുന്നത്. അടുത്തിടെ വഡോദരയിൽ എത്തിയിരുന്ന ഇയാൾ ഗുജറാത്തിലെ പല തന്ത്രപ്രധാന സ്ഥലങ്ങളും സന്ദർശിച്ച് വിവരശേഖരണം നടത്തിയിരുന്നു.

പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയതാണ് പിടിച്ചെടുത്ത എകെ 47 റൈഫിൾ എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഇയാളുടെ മൊബൈൽ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെ ഇയാൾക്ക് ജെയ്ഷെ മുഹമ്മദുമായുള്ള തീവ്ര ബന്ധവും സ്ഥിരീകരിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിലെ ഹാൻഡ്‌ലർമാരെക്കുറിച്ച് കൂടുതൽ അറിയാനും ഗുജറാത്തിലെ പ്രാദേശിക വ്യക്തികൾ ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താനും സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം നടത്തുകയാണ്.

അതേസമയം, ജൂലൈയിൽ എട്ട് ജെയ്ഷെ മുഹമ്മദ് അംഗങ്ങളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.