PM Narendra Modi
ന്യൂഡൽഹി: സംസ്ഥാന പിറവി ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന് പുറമേ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെയും രൂപീകരണ ദിനമാണ് നവംബർ 1.
6 സംസ്ഥാനങ്ങളിലെയും എല്ലാ ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നതായി പ്രധാനമന്ത്രി പ്രതികരിച്ചു. വരുന്ന വർഷങ്ങൾ ഈ ആറ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് പുതിയ അവസരങ്ങളും കൂടുതൽ സമൃദ്ധിയും നിരന്തരമായ പുരോഗതിയും കൊണ്ടുവരട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.
കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട്, കേരളത്തിന്റെ സജീവമായ പാരമ്പര്യങ്ങളെയും അസാധാരണമായ മനോഭാവത്തെയും ആഘോഷിക്കുന്ന ദിവസമാണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. "കേരളത്തിലെ എന്റെ സഹോദരീസഹോദരന്മാർക്ക് കേരളപ്പിറവി ആശംസകൾ," അദ്ദേഹം പറഞ്ഞു.
സമൃദ്ധമായ പ്രകൃതിസൗന്ദര്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും നിറഞ്ഞ കേരളം, രാജ്യത്തിന്റെ ചരിത്രത്തിൽ എപ്പോഴും സുപ്രധാനമായ ഒരിടമാണ്.
കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ ജനങ്ങളാണ്. അവരുടെ അർപ്പണബോധവും മികവിനായുള്ള പ്രതിബദ്ധതയും ഇന്ത്യയ്ക്ക് പുറത്തും വലിയ പ്രശംസ നേടിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ കേരളത്തിലെ ജനങ്ങൾ കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.