പോൺ ആപ്പുകളും ടോർ നെറ്റ്‌വർക്കും; കശ്മീരിൽ ഭീകരരുടെ പുതിയ ആശയവിനിമയ തന്ത്രം
Representative image
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ പുതിയ ആശയവിനിമയ രീതികൾ കണ്ടെത്തി സുരക്ഷാ ഏജൻസികൾ. രഹസ്യ സന്ദേശങ്ങൾ കൈമാറാനായി ഭീകരർ അശ്ലീല വെബ്സൈറ്റുകളും ടോർ നെറ്റ്‌വർക്കുകളും ഉപയോഗിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ ഭീകരസംഘടനകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ വിവരം പുറത്തുവന്നത്.
പരമ്പരാഗത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ നിരീക്ഷണം മറികടന്ന് ജമ്മു കശ്മീരിലെ ഭീകരർക്ക് നിർദേശങ്ങൾ കൈമാറാൻ ഭീകരസംഘടനകളും പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയും ഇത്തരം രഹസ്യ ആശയവിനിമയ മാർഗങ്ങൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. അശ്ലീല വെബ്‌സൈറ്റുകളിൽ ചിലത് സമീപപ്രദേശങ്ങളിലുള്ളവരുമായി ഡേറ്റിങ് നടത്താൻ സഹായിക്കുന്നതിന്‍റെ പേരിൽ തത്സമയ ചാറ്റ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനങ്ങളാണ് ഭീകരരെ നിയന്ത്രിക്കുന്നവർ സന്ദേശങ്ങൾ കൈമാറാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഉപയോഗിക്കുന്നതെന്ന് സുരക്ഷാ ഏജൻസികൾ പറയുന്നു.
ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ചില പോൺ ആപ്പുകൾ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ച് നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്യുന്നുണ്ട്. കശ്മീരിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുന്നതിനുമായി പോൺ സൈറ്റുകളിലെ എൻക്രിപ്റ്റഡ് ഇൻസ്റ്റന്‍റ് മെസേജിങ് സംവിധാനങ്ങൾ ഭീകരസംഘടനകൾ കൂടുതലായി ഉപയോഗിക്കുന്നതായി ഏജൻസികൾ വ്യക്തമാക്കി.
ഉപയോക്താക്കളുടെ വ്യക്തിത്വം മറച്ചുവയ്ക്കുന്നതിനായി എൻക്രിപ്റ്റഡ് നോഡുകളിലൂടെ ഡാറ്റ കൈമാറുന്ന ടോർ അധിഷ്ഠിത മെസേജിങ് ആപ്പുകളായ കോട്ടെക്സ്, കൊണിയൻ എന്നിവയും ഭീകരർ ഉപയോഗിക്കുന്നുണ്ട്. ഫ്രാൻസ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ ആപ്പും ഭീകരർ ഉപയോഗിക്കുന്നതായി സുരക്ഷാ ഏജൻസികൾ പറയുന്നു. സിം കാർഡോ ഫോൺ നമ്പറോ ആവശ്യമില്ലാതെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് സന്ദേശങ്ങൾ അയയ്ക്കാൻ ഈ ആപ്പ് അനുവദിക്കുന്നതിനാൽ ഉപയോക്താവിനെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്.
വിയറ്റ്നാം ആസ്ഥാനമായുള്ള ചില ആപ്പുകളും മൂൺചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളും സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. പരമ്പരാഗത രജിസ്ട്രേഷൻ ഒഴിവാക്കി പ്രവർത്തിക്കുന്ന എൻക്രിപ്റ്റഡ് പതിപ്പുകളും ചൈനീസ് പതിപ്പുകളും മൂൺചാറ്റിനുണ്ട്. പുതിയ വിവരം പുറത്തുവന്നതിനു പിന്നാലെ പ്രത്യേക ഡിജിറ്റൽ ഉപകരണങ്ങളും ആപ്പുകളും സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.