പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും മിന്നൽ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ഡൽഹിയിൽ വിന്യസിച്ചിട്ടുള്ള 273 കേന്ദ്ര സായുധ പൊലീസ് സേനാ (സിഎപിഎഫ്) കമ്പനികളുടെ വിന്യാസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒക്റ്റോബർ 31 വരെ നീട്ടി. ഇത് രണ്ടാം തവണയാണ് സേനാ വിന്യാസം നീട്ടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഈ മാസം ആദ്യം കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് സേനകളെ ഡൽഹിയിലെത്തിച്ചത്. വിന്യാസം ഏകോപിപ്പിക്കാൻ ഡൽഹി പൊലീസിനും ബന്ധപ്പെട്ട കേന്ദ്ര സായുധ പൊലീസ് സേനകൾക്കും ഒക്റ്റോബർ 22ന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. ഡൽഹി പൊലീസിന്റെ അഭ്യർഥനപ്രകാരമാണ് നടപടി. ഒക്റ്റോബർ മധ്യത്തിലും വിന്യാസം നീട്ടിയിരുന്നു.
നഗരത്തിലെ വിവിധ 'സെൻസിറ്റീവ്' മേഖലകളിൽ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും മിന്നൽ പ്രതിഷേധങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു. ക്രമസമാധാനം ഉറപ്പാക്കാൻ സേനാ വിന്യാസം തുടരേണ്ടത് അനിവാര്യമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ. ഇതേ തുടർന്ന് മന്ത്രാലയം അനുമതി നൽകുകയായിരുന്നു.
സേനാ വിന്യാസം തുടരുന്ന 273 കമ്പനികളിൽ 125 എണ്ണം കേന്ദ്ര റിസർവ് പൊലീസ് സേനയുടേതാണ് (സിആർപിഎഫ്). ഇതിൽ വനിതാ ഉദ്യോഗസ്ഥരുടെ 20 യൂണിറ്റുകളുമുണ്ട്. റാപ്പിഡ് ആക്ഷൻ ഫോഴ്സ്, (ആർഎഎഫ്-20), അതിർത്തി രക്ഷാസേന (ബിഎസ്എഫ്-46), ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി- 39), സശസ്ത്ര സീമാ ബൽ (എസ്എസ്ബി-31), കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്- 12) എന്നിങ്ങനെയാണ് ഡൽഹിയിൽ തുടരുന്ന വിവിധ കമ്പനികളുടെ എണ്ണം.
പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്ഐആർ) വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്റ്റോബർ 9ന് സിജെപി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് പ്രതിപക്ഷ പാർട്ടികളും ഇതേ ആവശ്യമുന്നയിച്ച് പ്രതിഷേധിച്ചു. ഒക്റ്റോബർ 16ന് 'ലഹ്റാ ദോ തിരംഗ' എന്ന പേരിലും സിജെപി പ്രകടനം നടത്തിയിരുന്നു.