സർക്കാർ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് ഡൽഹി മെട്രൊയിൽ പോസ്റ്ററുകൾ

 
India

സർക്കാർ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് ഡൽഹി മെട്രൊയിൽ പോസ്റ്ററുകൾ; അജ്ഞാതർക്കെതിരേ എഫ്ഐആർ

ക്യുആർ കോഡ് ഉപയോഗിച്ച് ഒരു ഓൺലൈൻ ഗ്രൂപ്പിൽ ചേരാൻ ജനങ്ങളെ ക്ഷണിക്കുന്നതായിരുന്നു പോസ്റ്ററുകൾ

Sarath Nath MS

ന്യൂഡൽഹി: സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുകയും വിവിധ വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന രണ്ട് പോസ്റ്ററുകൾ ഡൽഹി മെട്രൊയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിലെ ട്രെയ്നിൽ പതിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അജ്ഞാതർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ശനിയാഴ്ചയാണ് ഡൽഹി പൊലീസ് ഇക്കാര്യം അറിയിച്ചത്.

എ4 വലുപ്പത്തിലുള്ള കറുപ്പും വെളുപ്പും നിറങ്ങളിലുള്ള പോസ്റ്ററുകളിൽ 'നിങ്ങളുടെ ജീവിതം നിങ്ങൾക്ക് തന്നെ മാറ്റാനാകും', 'വോട്ടിങ് പ്രതിഷേധം', 'ഇടപെടലുകളുടെ വിവിധ തലങ്ങൾ', 'സമൂഹനിർമാണ പരിഷ്കാരം', 'അതൃപ്തിയുണ്ടോ? നിങ്ങൾ ഒറ്റയ്ക്കല്ല' തുടങ്ങിയ വാചകങ്ങളുണ്ടായിരുന്നു. സമീപ വർഷങ്ങളിൽ രാജ്യത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള ഒൻപത് അവകാശവാദങ്ങളും പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ക്യുആർ കോഡ് ഉപയോഗിച്ച് ഒരു ഓൺലൈൻ ഗ്രൂപ്പിൽ ചേരാൻ ജനങ്ങളെ ക്ഷണിക്കുന്നതായിരുന്നു പോസ്റ്ററുകൾ. ഇവ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.

ഡൽഹി മെട്രൊ റെയ്ൽ കോർപറേഷനിലെ (ഡിഎംആർസി) എയർപോർട്ട് എക്സ്പ്രസ് ലൈനിൽ ജോലി ചെയ്തിരുന്ന ട്രെയ്ൻ ഓപ്പറേറ്റർ തരുൺ ചൗധരിയാണ് പോസ്റ്ററുകൾ കണ്ടെത്തിയത്. സർവീസ് അവസാനിച്ച ശേഷം ട്രെയ്ൻ പരിശോധിക്കുന്നതിനിടെ ഒരു സീറ്റിൽ രണ്ട് പോസ്റ്ററുകൾ പതിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

പോസ്റ്ററുകൾ നീക്കം ചെയ്ത ചൗധരി മേലുദ്യോഗസ്ഥരെയും ഓപ്പറേഷൻസ് കൺട്രോൾ സെന്‍ററിനെയും വിവരം അറിയിച്ചു. ട്രെയ്നിൽ പോസ്റ്ററുകൾ പതിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.