ഡൽഹി മെട്രൊ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ വീണ്ടും പോസ്റ്ററുകൾ

 
India

ഡൽഹി മെട്രൊ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ വീണ്ടും പോസ്റ്ററുകൾ; കേസെടുത്തു

സ്റ്റേഷനിലെ എമർജൻസി ഗേറ്റ് നമ്പർ അഞ്ചിന് സമീപത്തെ ചുമരിൽ പോസ്റ്ററുകൾ പതിച്ചതായും ഗേറ്റ് നമ്പർ ഏഴിന് സമീപമുള്ള ചുമരിൽ കറുത്ത മഷികൊണ്ട് എഴുതിയതായും കണ്ടെത്തിയിരുന്നു

Sarath Nath MS

ന്യൂഡൽഹി: ഡൽഹി മെട്രൊയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിലെ ശിവാജി സ്റ്റേഡിയം സ്റ്റേഷനിൽ വീണ്ടും പോസ്റ്ററുകൾ പതിക്കുകയും ചുമരുകളിൽ കറുത്ത മഷികൊണ്ട് എഴുതുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. ഒക്റ്റോബർ 24നാണ് കേസിനാസ്പദമായ സംഭവം.

സ്റ്റേഷനിലെ എമർജൻസി ഗേറ്റ് നമ്പർ അഞ്ചിന് സമീപത്തെ ചുമരിൽ പോസ്റ്ററുകൾ പതിച്ചതായും ഗേറ്റ് നമ്പർ ഏഴിന് സമീപമുള്ള ചുമരിൽ കറുത്ത മഷികൊണ്ട് എഴുതിയതായും കണ്ടെത്തിയിരുന്നു. സംഭവത്തിൽ തിരിച്ചറിയാത്ത വ്യക്തിക്കെതിരേ ഡൽഹി പൊതുമുതൽ വികൃതമാക്കൽ തടയൽ നിയമം, മെട്രൊ റെയ്ൽവേ നിയമം എന്നിവ പ്രകാരമാണ് ഐജിഐ എയർപോർട്ട് മെട്രൊ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്ന രണ്ട് പോസ്റ്ററുകൾ എയർപോർട്ട് എക്സ്പ്രസ് ലൈനിലെ ട്രെയ്നിനുള്ളിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. ന്യൂഡൽഹിയിൽ നിന്ന് യശോഭൂമിയിലെത്തിയ ട്രെയ്ൻ പരിശോധിക്കുന്നതിനിടെ സീറ്റിൽ പോസ്റ്ററുകൾ കണ്ട ട്രെയ്ൻ ഓപ്പറേറ്റർ വിവരം അറിയിക്കുകയായിരുന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള എ4 വലുപ്പത്തിലുള്ള കടലാസുകളിലായിരുന്നു പോസ്റ്ററുകൾ. ക്യുആർ കോഡ് വഴി ഓൺലൈൻ ഗ്രൂപ്പിൽ ചേരാനുള്ള ക്ഷണവും പോസ്റ്ററുകളിലുണ്ടായിരുന്നു. പോസ്റ്ററുകൾ നീക്കം ചെയ്ത് പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് തിരിച്ചറിയാത്ത വ്യക്തികൾക്കെതിരേ കേസെടുത്തു.