ഉപരാഷ്ട്രപതി ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ

 
India

ഉപരാഷ്ട്രപതി ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ വൈദ‍്യുതി മുടങ്ങി; എൻജിനീയർക്ക് സസ്പെൻഷൻ

എസ്. ജാനകിരാമൻ എന്നയാൾക്കെതിരേയാണ് ക്ഷേത്ര ഭരണസമിതി നടപടി സ്വീകരിച്ചിരിക്കുന്നത്

Aswin AM

ചെന്നൈ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ‌ മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ 2 മിനിറ്റ് വൈദ‍്യുതി മുടങ്ങിയ സംഭവത്തിൽ ക്ഷേത്രത്തിലെ ജൂനിയർ ഇലക്‌ട്രിക്കൽ എൻജിനീയറെ താത്കാലികമായി സസ്പെൻഡ് ചെയ്തു. എസ്. ജാനകിരാമൻ എന്നയാൾക്കെതിരേയാണ് ക്ഷേത്ര ഭരണസമിതി നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ക്ഷേത്രഭരണസമിതി പുറത്തിറക്കി.

ഒക്റ്റോബർ 30നാണ് ഉപരാഷ്ട്രപതി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കൊപ്പം ക്ഷേത്ര ദർശനം നടത്തിയത്. സന്ദർശനം പൂർത്തിയാക്കിയ ശേഷം ഉപരാഷ്ട്രപതി മാധ‍്യമങ്ങളോട് സംസാരിക്കവെയാണ് രണ്ട് മിനുറ്റ് നേരത്തേക്ക് വൈദ‍്യുതി തടസപ്പെട്ടത്.

ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെ ക്ഷേത്ര ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺ രുഗ്മിണി പളനിവേൽരാജൻ എൻജിനീയറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. വിഷയത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ജാനകിരാമന് നിർദേശം നൽകിയിട്ടുണ്ട്. വിശദീകരണം നൽകാത്ത പക്ഷം വിഷയത്തിൽ തുടർനടപടി സ്വീകരിച്ചേക്കും.