pranav Mukherjee | Sonia Gandhi

 

file image

India

ഇത്ര ഞെട്ടാൻ എന്തിരിക്കുന്നു, അച്ഛൻ പ്രധാനമന്ത്രി പദം ആഗ്രഹിച്ചതിൽ എന്താണ് തെറ്റ്? സോണിയ ഗാന്ധിക്കെതിരേ പ്രണബ് മുഖർജിയുടെ മകൾ

"ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ളൊരാൾക്ക് ഇത്തരം ഒരു ആഗ്രഹം തോന്നാനും നിങ്ങളോടത് പറ‍യാനും ധൈര്യമുണ്ടായതാണോ സോണിയാജിയെ ഞെട്ടിച്ചത്?"

Namitha Mohanan

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥ ബിലോങിംഗ് എ ജേർണി ഓഫ് ലൗവ് പുറത്തിറങ്ങിയതിനു പിന്നാലെ പല ഭാഗത്തു നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങുകയും പലരും വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ പ്രണബ് മുഖർജി പ്രധാനമന്ത്രിയാകണമെന്നാഗ്രഹിച്ചെന്ന സോണിയയുടെ വെളിപ്പെടുത്തലിനെതിരേ പ്രണബ് മുഖർജിയുടെ മകൾ രംഗത്തെത്തിയിരിക്കുകയാണ്.

അനുഭവ സമ്പത്തുള്ള ഒരു നേതാവ് പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നതിൽ തെറ്റെന്താണെന്ന് മകൾ ശർമിഷ്ഠ മുഖർജി ചോദിക്കുന്നു. പ്രണബ് മുഖർജി അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് സോണിയ കുറിച്ചിരിക്കുന്നത്. ഇതിലിത്ര ഞെട്ടാനെന്താണെന്ന് ചോദിച്ച ശർമിഷ്ഠ തന്‍റെ പിതാവ് കൈവരിച്ച നേട്ടം കഠിനാധ്വാനത്തിന്‍റെ ഫലമാണെന്നും ഇത്രയും അനുഭവ പരിചയമുള്ള ഒരാൾക്ക് പ്രധാനമന്ത്രിയാവാൻ യോഗ്യതയില്ലേയെന്നും ചോദിക്കുന്നു.

"ഇതില്‍ ഇത്രമാത്രം ഞെട്ടാന്‍ എന്തുണ്ടായി? രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള പതിറ്റാണ്ടുകളുടെ അനുഭവവും പരിചയവും ഉള്ള ഒരാള്‍ ഇത്തരത്തില്‍ ആഗ്രഹിക്കുന്നത് ഒരു കുറ്റമാണോ? ഒരിക്കല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, എല്ലാ രാഷ്ട്രീയക്കാരനും ഇത്തരമൊരു ആഗ്രഹമുണ്ടാകും എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്ന് വന്ന എന്‍റെ അച്ഛന് പദവികളൊന്നും ആരും തളികയില്‍ വച്ച് നീട്ടിയതല്ല. സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് എല്ലാ നേടിയതാണ്.

ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ളൊരാൾക്ക് ഇത്തരം ഒരു ആഗ്രഹം തോന്നാനും നിങ്ങളോടത് പറ‍യാനും ധൈര്യമുണ്ടായതാണോ സോണിയാജിയെ ഞെട്ടിച്ചത്? എന്നാല്‍ പ്രധാനമന്ത്രി പദം കിട്ടാത്തതില്‍ പിതാവിന് ആരോടും ഒരു പരിഭവും ഉണ്ടായിരുന്നില്ല. അദ്ദേഹം വളരെ പ്രായോഗികമായി ചിന്തിക്കുന്ന, ഉള്‍ക്കാഴ്ചയുള്ള വ്യക്തിയായിരുന്നു.' ശർമിഷ്ഠ കുറിച്ചു.