മമ്മൂട്ടി
കെവാഡിയ(ഗുജറാത്ത്): ഗുജറാത്തിലെ കൊവാഡിയയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങാൻ മമ്മൂട്ടി എത്തിയിട്ടുണ്ട്. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മലയാളികളുടെ പ്രിയ താരം ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ പുരസ്കാരമാണിത്.
'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം തമിഴ് നടൻ ധനുഷ് ഏറ്റുവാങ്ങി. 'രായൻ' എന്ന ചിത്രത്തിന് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ധനുഷ് സ്വീകരിച്ചു.
1954ൽ ആരംഭിച്ചത് മുതൽ ഡൽഹിയിലെ വിഗ്യാൻ ഭവനാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിന്‍റെ സ്ഥിരം വേദി. ഇത് രണ്ടാം തവണയാണ് വേദി ഡൽഹിക്ക് പുറത്തേക്ക് പോകുന്നത്. 1971ൽ ചെന്നൈയിൽ നടന്ന 17ാമത് എഡിഷനാണ് ഡൽഹിക്ക് പുറത്ത് അരങ്ങേറിയ ആദ്യത്തെ പുരസ്കാര വിതരണ ചടങ്ങ്.
കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തോളം വൈകിയതിനെ തുടർന്ന് 2024-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഈ വർഷമാണ് നൽകുന്നത്.