പ്രിയങ്കാ ഗാന്ധി
ഷിംല: ഇന്ത‍്യയുടെ ഭാവിയാണ് വിദ‍്യാർഥികളെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി. ഭരണഘടനാ മൂല‍്യങ്ങൾ, സമത്വം, സൗഹാർദം എന്നിവ മനസിലാക്കുകയും പഠിക്കുകയും വേണമെന്ന് എംപി പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ മാണ്ഡി ജില്ലയിലെ ദിയോറിയിൽ പുതുതായി നിർമിച്ച സർക്കാർ സ്കൂൾ കെട്ടിടം സന്ദർശിച്ചുകൊണ്ടായിരുന്നു അവരുടെ പരാമർശം. ദുരന്തത്തെ എല്ലാവരുടെ ധൈര‍്യപൂർവം നേരിട്ടുവെന്ന് അവർ പറഞ്ഞു.
വിദ‍്യാർഥികൾക്ക് ശോഭനമായ ഭാവി ആശംസിച്ച അവർ ഭാവിയിൽ സ്കൂൾ സന്ദർശിക്കുമെന്ന് വാഗ്ദാനം ചെയ്തു. 2023 സെപ്റ്റംബർ 12ന് ആണ് പ്രിയങ്കാ ഗാന്ധി അവസാനമായി സ്കൂൾ സന്ദർശിച്ചത്. അതേസമയം, സ്കൂൾ കെട്ടിടത്തിന്‍റെ നിർമാണത്തിനായി പ്രദേശവാസികൾ സംഭാവന നൽകിയതായി മുഖ‍്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പറഞ്ഞു.
സ്കൂളിന്‍റെ നിർമാണത്തിനായി വിദ‍്യാഭ‍്യാസ വകുപ്പിന് ഭൂമി നൽകിയവരോട് മുഖ‍്യമന്ത്രി നന്ദി പറഞ്ഞു. 70 ലക്ഷം രൂപ ചെലവിലാണ് ദിയോറിയിലെ സർക്കാർ സ്കൂൾ നിർമിച്ചത്. എന്നാൽ പുതുതായി നിർമിച്ച കെട്ടിടത്തിന് 3.62 കോടി രൂപയാണ് ചെലവായത്. ഓഗസ്റ്റ് 14ന് ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് സ്കൂൾ കെട്ടിടം പൂർണമായും ഒലിച്ചുപോയത്.