കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനെതിരേ ഉയർന്ന പ്രതിഷേധം പണം നൽകി നടത്തിയ പ്രചാരണമായിരുന്നുവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് അനുമതി നൽകുന്ന തരത്തിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രതികരണം.
മൂന്ന് മാസം മുൻപ് ഇ20 ഇന്ധനത്തിനെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ആ പ്രതിഷേധം അവസാനിച്ചു. അത് പണം നൽകി നടത്തിയ പ്രചാരണമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി 20 കോടിയിലധികം ഇരുചക്രവാഹനങ്ങളും മൂന്ന് കോടിയിലധികം പെട്രോൾ കാറുകളും ഇ19-20 എഥനോൾ മിശ്രിത ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്. എഥനോൾ കലർത്തിയതുമൂലം വ്യാപകമായി എൻജിൻ തകരാറുകളോ വാഹനങ്ങൾ പ്രവർത്തനരഹിതമാകുന്ന സംഭവങ്ങളോ ഉണ്ടായതായി സ്ഥിരീകരിച്ച തെളിവുകളില്ലെന്നും വ്യവസായ സംഘടനയായ സിഐഐ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ചേർത്ത ഇ20 ഇന്ധനത്തിന്റെ ഉപയോഗം ആരംഭിച്ചതിനെതിരേ പ്രതിപക്ഷ പാർട്ടികളും ചില ഉപഭോക്തൃ സംഘടനകളും രംഗത്തെത്തിയിരുന്നു. 20 ശതമാനം എഥനോൾ മിശ്രിതത്തിന് അനുസൃതമായി രൂപകൽപന ചെയ്യാത്ത പഴയ വാഹനങ്ങളെ ഇത് ബാധിക്കുമെന്ന ആശങ്കയായിരുന്നു പ്രധാനമായും ഉയർന്നത്.
ഇന്ത്യയിൽ എഥനോൾ കലർത്തിയ പെട്രോൾ പദ്ധതി 2001ലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. 2006ൽ അഞ്ച് ശതമാനം എഥനോൾ കലർത്തിയ ഇ5 ഇന്ധനം അവതരിപ്പിച്ചു. തുടർന്ന് ആവശ്യമായ ഉൽപാദനശേഷിയും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി ഘട്ടംഘട്ടമായി ഇത് വർധിപ്പിക്കുകയായിരുന്നു.