അഭിജീത് ദിപ്കെ

 
India

ജ്ഞാനേഷ് കുമാറിനെതിരായ സമരം; അഭിജീത് ദിപ്‌കെയുടെ വീടിന് സുരക്ഷ ശക്തമാക്കി

ഛത്രപതി സംഭാജിനഗറിലെ എംഐഡിസി വാലുജ് മേഖലയിലുള്ള അഭിജീത്തിന്‍റെ വീടിന് മുന്നിൽ പൊലീസ് സാന്നിധ്യം വർധിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

Sarath Nath MS

ഛത്രപതി സംഭാജിനഗർ: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ മഹാരാഷ്ട്രയിലെ വീട്ടിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

ഛത്രപതി സംഭാജിനഗറിലെ എംഐഡിസി വാലുജ് മേഖലയിലുള്ള അഭിജീത്തിന്‍റെ വീടിന് മുന്നിൽ പൊലീസ് സാന്നിധ്യം വർധിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തേ അഭിജീത്തിന്‍റെ വീട്ടിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമാണ് ഉണ്ടായിരുന്നത്. ഡൽഹിയിലെ സാഹചര്യം കണക്കിലെടുത്ത് പൊലീസ് ആസ്ഥാനത്ത് നിന്ന് 20 പൊലീസുകാരടങ്ങുന്ന സംഘത്തെ ഇപ്പോൾ വിന്യസിച്ചിട്ടുണ്ടെന്ന് പ്രാദേശിക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സിജെപി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ശനിയാഴ്ച രാവിലെ വിമാനം ഡൽഹിയിൽ ഇറങ്ങിയ ഉടൻ വിമാനത്തിനുള്ളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ എങ്ങോട്ടാണ് കൊണ്ടുപോയിരിക്കുന്നതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) നടപടിക്കിടെ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നെന്ന് ആരോപിച്ചാണ് സിജെപി ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്നും സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.