ഇ20 പെട്രോളിൽ 31 ശതമാനം എഥനോൾ കലർത്തിയെന്ന കർണാടകയുടെ ആരോപണം തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ
ബെംഗളൂരു: കർണാടകയിലെ ചില പെട്രോൾ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ. നിർദിഷ്ടമായ നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പാലിച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിലല്ല കണ്ടെത്തലുകളെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) എന്നീ കമ്പനികൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
പെട്രോളിൽ അനുവദനീയമായ 20 ശതമാനം പരിധിയേക്കാൾ കൂടുതൽ എഥനോൾ കലർത്തി വിതരണം ചെയ്യുന്നുവെന്നായിരുന്നു കർണാടക സർക്കാരിന്റെ ആരോപണം. പരിശോധനയിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നും സർക്കാർ ആരോപിച്ചിരുന്നു. ബെംഗളൂരു, കോലാർ, ചിക്കബല്ലാപുര, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകൂരു എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോപണമെന്ന് മന്ത്രി റിസ്വാൻ അർഷാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ ചില റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ കണ്ടെത്തിയെന്ന സംസ്ഥാന സർക്കാരിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടതായി എണ്ണക്കമ്പനികൾ അറിയിച്ചു. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ, കർണാടകയിലേതുൾപ്പെടെ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഐഎസ് 17021 മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും കമ്പനികൾ വ്യക്തമാക്കി.
2026 ഒക്റ്റോബറിൽ നടത്തിയ പരിശോധനയിലെ സാമ്പിൾ ശേഖരണ രീതിയിലും പരിശോധനാ നടപടിക്രമങ്ങളിലും ആശങ്കയുണ്ടെന്നും കമ്പനികൾ പറഞ്ഞു. പരിശോധനയിൽ എണ്ണക്കമ്പനി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെയാണ് സാമ്പിളുകൾ ശേഖരിച്ചതെന്നാണ് റിപ്പോർട്ടുകളെന്നും കമ്പനികൾ ആരോപിച്ചു. പരിശോധനയുമായി ബന്ധപ്പെട്ട സൂക്ഷിച്ച സാമ്പിളുകളോ ഓരോ പമ്പിന്റെയും വിശദാംശങ്ങളോ ലബോറട്ടറി റിപ്പോർട്ടുകളോ ലഭിച്ചിട്ടില്ലെന്നും സംസ്ഥാനതല കോർഡിനേറ്റർ മുഖേന ഇവ ആവശ്യപ്പെട്ടിട്ടും കൈമാറിയില്ലെന്നും കമ്പനികൾ വ്യക്തമാക്കി.