പുൽവാമ ഭീകരാക്രമണക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി എൻഐഎ കോടതി

 
India

പുൽവാമ ഭീകരാക്രമണക്കേസ്: പ്രതി ഇൻഷ ജാന്‍റെ ജാമ്യാപേക്ഷ തള്ളി പ്രത്യേക എൻഐഎ കോടതി

പ്രതിക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കരുതാൻ മതിയായ വസ്തുതകൾ രേഖകളിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു

Sarath Nath MS

ജമ്മു: 2019ലെ പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഇൻഷ താരിഖിന്‍റെ (ഇൻഷ ജാൻ) ജാമ്യാപേക്ഷ പ്രത്യേക എൻഐഎ കോടതി തള്ളി. പ്രതിക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കരുതാൻ മതിയായ വസ്തുതകൾ രേഖകളിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഓഗസ്റ്റ് 20ന് പുറപ്പെടുവിച്ച 15 പേജുള്ള ഉത്തരവിലാണ് പ്രത്യേക ജഡ്ജി പ്രേം സാഗർ ഇക്കാര്യം വ്യക്തമാക്കിയത്. യുഎപിഎ നിയമത്തിലെ 43-ഡി(5) വകുപ്പ് പ്രകാരമുള്ള നിയമപരമായ വിലക്കും പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിന് തടസമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ ഹർകിപോറ സ്വദേശിനിയായ ഇൻഷ ജാനെ പിതാവ് പീർ താരിഖ് അഹമ്മദ് ഷായോടൊപ്പം 2020 മാർച്ച് മൂന്നിനാണ് അറസ്റ്റ് ചെയ്തത്. 2022 ഡിസംബർ 10ന് കോടതി ഇവർക്കെതിരേ കുറ്റം ചുമത്തിയിരുന്നു.

എൻഐഎയുടെ കുറ്റപത്രം പ്രകാരം ഗൂഢാലോചനയിൽ ഇൻഷയ്ക്ക് പങ്കുണ്ടെന്നും പുൽവാമ ആക്രമണം ആസൂത്രണം ചെയ്ത പാക്കിസ്ഥാൻ ഭീകരൻ മുഹമ്മദ് ഉമർ ഫാറൂഖുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്നും പറയുന്നു. ഭീകരരായ ജെയ്ഷെ-ഇ-മുഹമ്മദ് പ്രവർത്തകർക്ക് ഭക്ഷണം, താമസം, മറ്റ് സഹായങ്ങൾ എന്നിവ ഇൻഷയും കുടുംബവും നൽകിയെന്നും എൻഐഎ ആരോപിക്കുന്നു. 2019 ഫെബ്രുവരി 14ലെ ആക്രമണത്തിന് പിന്നാലെ വ്യാപകമായി പ്രചരിച്ച ചാവേർ ആക്രമണകാരി ആദിൽ അഹമ്മദ് ദാറിനെ വീഡിയോ ജനുവരി 28, 29 തീയതികളിൽ ഇൻഷയുടെ വീട്ടിൽവച്ചാണ് ചിത്രീകരിച്ചതെന്നും അന്വേഷണ ഏജൻസി പറയുന്നു.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രതിഭാഗത്തിന്‍റെയും എൻഐഎയുടെയും വാദങ്ങൾ കോടതി പരിശോധിച്ചു. ദീർഘകാല ജയിൽവാസം, വിചാരണയിലെ കാലതാമസം, ആരോഗ്യസ്ഥിതി എന്നിവയാണ് പ്രതിഭാഗം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കേസിന്‍റെ ഗൗരവം, അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ, യുഎപിഎയിലെ 43-ഡി(5) വകുപ്പ് എന്നിവ ചൂണ്ടിക്കാട്ടിയാണ് എൻഐഎ ജാമ്യാപേക്ഷയെ എതിർത്തത്.

അർജുൻ ആയങ്കിക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

യുവാക്കളെ ‘പാറ്റകളാക്കി’ മാറ്റാൻ വിദേശശക്തികൾ ശ്രമിക്കുന്നുവെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

ശബരിമല സ്വർണക്കൊള്ള; എ. അജികുമാറിന് ജാമ്യം, പി.എസ്. പ്രശാന്ത് ജയിലിൽ തുടരും

രണ്ടാം ടെസ്റ്റ്: വമ്പൻ ഇന്നിങ്സ് ലക്ഷ്യമിട്ട് ഗില്ലും ജയ്സ്വാളും; മൂന്ന് വർഷത്തിന് ശേഷം വിദേശ ടെസ്റ്റ് പരമ്പര നേട്ടം തേടി ഇന്ത്യ

കശ്മീരിൽ എൻഐഎ റെയ്ഡ്