പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഭ‍ാര്യ ഗുർപ്രീത് കൗറും

 
India

പീഡന കേസ് ഒതുക്കാൻ 5 കോടി ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ; ഭഗവന്ത് മന്നിന്‍റെ രാജിക്കായി ബിജെപിയും

ശിരോമണി അകാലിദൾ, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും നേരത്തെ മന്നിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു

Sarath Nath MS

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ ഭാര്യ ഗുർപ്രീത് കൗർ ബലാത്സംഗക്കേസ് ഒതുക്കിത്തീർക്കാൻ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും രംഗത്ത്. ശിരോമണി അകാലിദൾ, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും നേരത്തെ മന്നിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു.

പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ പഞ്ചാബ് സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ബിജെപിയും ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഭാര്യ ബലാത്സംഗക്കേസ് ഒതുക്കാൻ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായി വിരമിച്ച ജഡ്ജി പരസ്യമായി പറഞ്ഞെന്ന പരാതിയാണ് മനുഷ്യാവകാശ കമ്മിഷൻ പരിഗണിക്കുന്നത്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ബിജെപി നേതാവ് ഇഖ്ബാൽ സിങ് ലാൽപുര ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും മനുഷ്യാവകാശ കമ്മിഷൻ നോട്ടീസും ഗൗരവത്തോടെ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വിവാദം ശക്തമായതിന് പിന്നാലെ ഗുർപ്രീത് കൗർ മുൻ പഞ്ചാബ് ജഡ്ജി ജസ്റ്റിസ് രഞ്ജിത് സിങ്ങിന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ചത് രഞ്ജിത് സിങ്ങാണെന്നാണ് മനുഷ്യാവകാശ കമ്മിഷൻ അംഗം പ്രിയങ്ക് കനൂംഗോ വ്യക്തമാക്കിയത്.

വിഷയത്തിൽ പഞ്ചാബ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് പ്രിയങ്ക് കനൂംഗോ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വനിതാ സുരക്ഷാ വിഭാഗത്തെയും ഇക്കാര്യം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിഷയത്തിൽ ഉടൻ വിശദീകരണം നൽകണമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഉയർന്ന സാഹചര്യവും അതിന് പിന്നിലെ കാര്യങ്ങളും മൻ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗം അധ്യക്ഷ അമൻദീപ് കൗർ അറോറയുടെ പ്രതികരണം. ഗുർപ്രീത് കൗർ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും എഎപി നേതാവ് ആരോപിച്ചു.

ബിജെപി വിട്ട നടൻ ദേവൻ ഇനി വിജയ്ക്കൊപ്പം; ടിവികെയുടെ കേരള അധ‍്യക്ഷനായേക്കും

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമെന്ന് ട്രംപ്; ഭൂപടം വീണ്ടും പങ്കുവച്ചു

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; 2 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു

പൊലീസ് സ്റ്റേഷനിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി