ഐടിസി മൗര്യ ഹോട്ടൽ
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ശ്രദ്ധാ കേന്ദ്രങ്ങളായി മാറി ഡൽഹിയിലെ ആഡംബര ഹോട്ടലുകൾ. സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കുന്ന ഉച്ചകോടിക്കായി ബ്രിക്സ് രാജ്യങ്ങളിലെ പ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കുമായി തലസ്ഥാനത്തെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലായി 3,000ത്തിലധികം മുറികളാണ് ബുക്ക് ചെയ്തത്. അതീവ സുരക്ഷയാണ് ഹോട്ടലുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഐടിസി മൗര്യ
ചാണക്യപുരിയിലെ ഡിപ്ലോമാറ്റിക് എൻക്ലേവിലുള്ള ഐടിസി മൗര്യ ഹോട്ടലിലാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ താമസിക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി ഇവിടെ മുറികളുടെ ആവശ്യകത വലിയ തോതിൽ ഉയർന്നിട്ടുണ്ട്. നിലവിൽ ഒരു രാത്രിയിലെ മുറിവാടക രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്.
താജ് പാലസ്
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച രാവിലെ ഡൽഹിയിലെത്തും. ഡിപ്ലോമാറ്റിക് എൻക്ലേവിലെ താജ് പാലസ് ഹോട്ടലിലാണ് അദ്ദേഹത്തിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവിൽ ഹോട്ടലിലെ എല്ലാ മുറികളും ബുക്ക് ചെയ്തുകഴിഞ്ഞു.
ദി ഒബ്റോയ്
ഡോ. സാക്കിർ ഹുസൈൻ മാർഗിലെ ദി ഒബ്റോയ് ഹോട്ടലിൽ ബ്രസീൽ, കസാഖിസ്ഥാൻ, എത്യോപ്യ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളാണ് താമസിക്കുന്നത്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനും ഇവിടെ താമസിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോട്ടലിൽ വിവിധ ഘട്ടങ്ങളിലായി കർശന സുരക്ഷാ പരിശോധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
താജ് മഹൽ
മാൻ സിങ് റോഡിലെ താജ് മഹൽ ഹോട്ടലിൽ ഉറുഗ്വേ, ഫിലിപ്പീൻസ്, ക്യൂബ, ബെലാറസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെയും ലോക വ്യാപാര സംഘടനയുടെയും ഡയറക്റ്റർ ജനറൽമാരും ഇവിടെ താമസിക്കുന്നുണ്ട്. ഹോട്ടൽ പൂർണമായും ബുക്ക് ചെയ്ത നിലയിലാണ്.
ലെ മെറിഡിയൻ
വിൻഡ്സർ പ്ലേസിന് സമീപത്തെ ലെ മെറിഡിയൻ ഹോട്ടലിലാണ് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിന്‍റെ താമസം. ഉഗാണ്ട, നൈജീരിയ, മലേഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളും ഇവിടെയുണ്ട്.
ദി ലളിത്
കൊണാട്ട് പ്ലേസിന് സമീപത്തെ ദി ലളിത് ഹോട്ടലിൽ ദക്ഷിണാഫ്രിക്കയുടെയും ബുറുണ്ടിയുടെയും പ്രതിനിധി സംഘങ്ങൾക്കാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
ഷാങ്ഗ്രി-ലാ ഇറോസ്
അശോക റോഡിലെ ഷാങ്ഗ്രി-ലാ ഇറോസ് ഹോട്ടലിൽ പടിഞ്ഞാറൻ ഏഷ്യൻ ബ്രിക്സ് അംഗരാജ്യത്തിന്‍റെ പ്രതിനിധി സംഘമാണ് താമസിക്കുക. ഇവിടെ സ്യൂട്ടുകൾ പൂർണമായും ബുക്ക് ചെയ്തിട്ടുണ്ട്. മുറിവാടക ഒരു രാത്രിക്ക് 60,000 രൂപ വരെ ഉയർന്നിട്ടുണ്ട്.
ബെലാറസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ, കസാഖിസ്ഥാൻ പ്രസിഡന്‍റ് കാസിം ജോമാർട്ട് ടോകയേവ്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, തായ് പ്രധാനമന്ത്രി അനുതിൻ ചാൻവിരകുൽ, ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ ഡിയാസ് കാനൽ, നൈജീരിയൻ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബു, ഉസ്ബെക്കിസ്ഥാൻ പ്രസിഡന്‍റ് ഷവ്കത് മിർസിയോയേവ്, ഉഗാണ്ട വൈസ് പ്രസിഡന്‍റ് ജെസിക്ക അലുപോ തുടങ്ങിയവരും ഉച്ചകോടിക്ക് ഡൽഹിയിലെത്തും.
ബ്രിക്സ് ഉച്ചകോടിക്കായി പ്രസിഡന്‍റുമാരും പ്രധാനമന്ത്രിമാരും നയതന്ത്രജ്ഞരും അന്താരാഷ്ട്ര സംഘടനകളുടെ മേധാവികളും വ്യവസായ പ്രമുഖരും ഡൽഹിയിലെത്തുന്നതാണ് ഹോട്ടൽ മുറികളുടെ ആവശ്യകത കുത്തനെ ഉയരാൻ കാരണം. നിലവിലെ ബ്രിക്സ് കൂട്ടായ്മയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇൻഡോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണുള്ളത്.