അഗ്നിവീറുകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക്

 
India

ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പതിനാലുകാരൻ

അഗ്നിവീറുകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക്

Reena Varghese

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പോർട്ടൽ എഐ യുടെ സഹായത്തോടെ ഹാക്ക് ചെയ്ത പതിനാലുകാരൻ പിടിയിലായി. ഹരിയാനയിൽ നിന്നുള്ള ആൺകുട്ടിയെയാണ് ഡൽഹി പോലീസ് പിടികൂടിയത്. ഒരു സർക്കാർ പോർട്ടൽ ഹാക്ക് ചെയ്യുകയും, 4,000-ത്തോളം അഗ്നിവീറുകളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ 500 ഡോളർ ക്രിപ്റ്റോ കറൻസിക്ക് വിൽപ്പനയ്ക്കായി വെക്കുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ഏകദേശം 4,000 ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോർന്നതെന്ന് പോലീസിന്‍റെ പ്രാഥമിക പ്രസ്താവനകളിൽ സൂചിപ്പിച്ചിരുന്നു. ഇതിൽ ഡാർക്ക് വെബ് ലിസ്റ്റിംഗിൽ 2,500 മുൻ 'അഗ്നിവീർ' ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉള്ളതായി പൊലീസ് കണ്ടെത്തി. ചോർന്ന വിവരങ്ങളിൽ വ്യക്തിഗത വിവരങ്ങൾ, 47 സർക്കാർ വകുപ്പുകളിലും പോലീസ് സ്റ്റേഷനുകളിലും സമർപ്പിച്ച തൊഴിൽ അപേക്ഷാ ഫോമുകൾ, കൂടാതെ വെബ്‌സൈറ്റിന്‍റെ അഡ്മിനിസ്‌ട്രേറ്റീവ് പോർട്ടലിലേക്കുള്ള പ്രവേശന വിവരങ്ങളും (access) എപിഐ (API) ക്രെഡൻഷ്യലുകളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

എന്നാൽ വിൽപന നടക്കുന്നതിനു മുമ്പേ തന്നെ അന്വേഷണ ഏജൻസികൾ വിദ്യാർഥിയെ പിടികൂടി. ഡാർക്ക് വെബിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ നടത്തിയ അന്വേഷണത്തിനിടെയാണ് ഡാറ്റാ ചോർച്ച കണ്ടെത്തിയത്. എളുപ്പത്തിൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് പതിനാലുകാരൻ ഇതു ചെയ്തതെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.കണ്ടെത്തിയ ഫയലുകൾ അഗ്നിവീർ സൈനിക റിക്രൂട്ട്മെന്‍റുമാിയ ബന്ധപ്പെട്ടതാകാമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ. ഫയലുകളുടെ കൃത്യമായ സ്വഭാവവും കുട്ടി പോർട്ടലിലേയ്ക്ക് കടന്നുകയറിയ രീതിയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ് പൊലീസ്.