പള്ളി നിർമാണം, പ്രാർഥനാ കൂട്ടായ്മകൾ, മതപരമായ യോഗങ്ങൾ തുടങ്ങിയവയ്ക്കും ഗ്രാമത്തിൽ വിലക്ക്

 
India

ക്രൈസ്തവർക്ക് സെമിത്തേരി സൗകര്യം നൽകില്ല; പ്രമേയം പാസാക്കി ഗ്രാമസഭ

പള്ളി നിർമാണം, പ്രാർഥനാ കൂട്ടായ്മകൾ, മതപരമായ യോഗങ്ങൾ തുടങ്ങിയവയ്ക്കും ഗ്രാമത്തിൽ വിലക്ക്

Reena Varghese

സുക്മ: ഗ്രാമത്തിലെ ഭൂമിയിൽ ക്രൈസ്തവർക്കും പരിവർത്തിത ക്രൈസ്തവർക്കും മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകുന്നതു തടഞ്ഞ് ഛത്തിസ്ഗഡിലെ ഗ്രാമസഭയുടെ പ്രമേയം. സുക്മ ജില്ലയിലെ പുൻപള്ളി വില്ലേജ് പഞ്ചായത്തിലാണ് പ്രത്യേക ഗ്രാമസഭ ചേർന്നു പ്രമേയം പാസാക്കിയത്.

ഗോത്ര സംസ്കാരത്തിന്‍റെ സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ, 1996ലെ പെസ നിയമം, ഛത്തിസ്ഗഡ് പെസ നിയമത്തിലെ ഭേദഗതി എന്നിവയുടെ അടിസ്ഥാനത്തിലാണു പ്രമേയം. ഇതുപ്രകാരം ഗ്രാമത്തിലെ ഭൂമി ക്രൈസ്തവർക്കും പരിവർത്തിത ക്രൈസ്തവർക്കും മൃതദേഹം സംസ്കരിക്കാൻ വിട്ടുകൊടുക്കില്ലെന്നു മാത്രമല്ല, പള്ളി നിർമാണം, പ്രാർഥനാ കൂട്ടായ്മകൾ, മതപരമായ യോഗങ്ങൾ തുടങ്ങിയവയൊന്നും ഗ്രാമത്തിൽ അനുവദിക്കുകയുമില്ല.

എന്തെങ്കിലും തർക്കമുയർന്നാൽ ബന്ധപ്പെട്ട നിയമ- ഭരണ അധികൃതരെ അറിയിച്ച് നിയമാനുസൃതം തുടർനടപടികളെടുക്കാമെന്നും പ്രമേയത്തിൽ പറയുന്നു.

ക്രൈസ്തവ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും പാസ്റ്റർമാർക്കും പ്രവേശനം നിരോധിച്ച് ഗ്രാമാതിർത്തിയിൽ ബോർഡ് സ്ഥാപിച്ചിരുന്നു. ആദിവാസികളുടെ തനത് ആചാരങ്ങളും സംസ്കാരവും സംരക്ഷിക്കാൻ ഗ്രാമസഭകൾക്കും പഞ്ചായത്തുകൾക്കും പ്രത്യേക അധികാരങ്ങൾ നൽകുന്നുണ്ട് 199‌6ലെ പെസ നിയമത്തിലെ വ്യവസ്ഥകൾ. ഇതുപ്രകാരമാണു ഗ്രാമസഭ ചേർന്നത്.