കോൺഗ്രസിന്റെ നിരാശ അധിക്ഷേപ ഭാഷയായി മാറുന്നു: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുന്നതിന്റെ നിരാശയാണ് കോൺഗ്രസിനെ അരാജകത്വത്തിന്റെയും രാഷ്ട്രീയ കുഴപ്പങ്ങളുടെയും വഴിയിലേക്ക് നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കോൺഗ്രസ് നേതാക്കളുടെ രീതി അവരുടെ രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനമാണ്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശങ്ങൾ ഈ സംസ്കാരത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്- വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
12 വർഷമായി മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും കോൺഗ്രസ് നേതാക്കളുടെയും അണികളുടെയും പതിവായി. മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കെതിരേ നടത്തിയ "മോദി കാ ബാപ് ഭി ജായേഗാ' എന്ന പരാമർശം ഒരു മുതിർന്ന നേതാവിന് ചേർന്നതല്ല. തെരുവു ഗൂണ്ടകളുടെ ഭാഷയോട് സാമ്യമുള്ള ഇത്തരം പ്രയോഗങ്ങൾ ഏറ്റവും പഴക്കമുള്ള പാർട്ടിയുടെ അധ്യക്ഷനിൽനിന്ന് ഉണ്ടാകുന്നത് കോൺഗ്രസിന്റെ അധഃപതനമാണ് വ്യക്തമാക്കുന്നത്. നേരത്തേ മോദിയെ "വിഷപ്പാമ്പ് ' എന്ന് വിശേഷിപ്പിച്ചതും ഇതേ നേതാവാണ്.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ "ചൗക്കീദാർ ചോർ ഹേ' എന്ന മുദ്രാവാക്യം ഉയർത്തിയതും കോൺഗ്രസിന്റെ ഈ സംസ്കാരത്തിന്റെ ഭാഗമാണ്. 2007ൽ സോണിയാ ഗാന്ധി നരേന്ദ്ര മോദിയെ "മൗത്ത് കാ സൗദാഗർ' എന്ന് വിശേഷിപ്പിച്ചതിലൂടെ ആരംഭിച്ച വ്യക്തിപരമായ അധിക്ഷേപങ്ങളുടെ രാഷ്ട്രീയമാണ് പിന്നീട് രാഹുൽ ഗാന്ധിയും ഇപ്പോൾ ഖാർഗെയും തുടരുന്നത്.
കോൺഗ്രസ് തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നതിന്റെ നിരാശയുടെ പേരിൽ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. മോദി എവിടെയും പോകുന്നില്ല. ഈ രാജ്യത്തെ ജനങ്ങൾ തീരുമാനിച്ച വികസനത്തിന്റെയും പുരോഗതിയുടെയും ദിശയിൽ ഇന്ത്യ മുന്നോട്ടുതന്നെ പോകും. കോൺഗ്രസ് എത്ര രാഷ്ട്രീയ നാടകങ്ങൾ നടത്തിയാലും എത്ര അധിക്ഷേപങ്ങൾ ചൊരിഞ്ഞാലും ഈ മുന്നേറ്റത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങളും അസഹിഷ്ണുതയും നിറഞ്ഞ ഈ രാഷ്ട്രീയ സംസ്കാരം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകണം- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.