മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്

 
India

റേസ് കോഴ്‌സ് വ്യോമസേനാ ഭൂമി തർക്കം; വിരമിക്കുന്നതിന് മുൻപ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ച് വ്യോമസേനാ മേധാവി

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള നിർണായക വ്യോമസേനാ കേന്ദ്രത്തിലെ ഭൂമി സേനയുടെ നിയന്ത്രണത്തിൽത്തന്നെ നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു

Sarath Nath MS

ന്യൂഡൽഹി: വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലെ റേസ് കോഴ്‌സ് എയർഫോഴ്‌സ് സ്റ്റേഷനിലെ ഇന്ത്യൻ വ്യോമസേനയുടെ കായിക സമുച്ചയം സീൽ ചെയ്ത നടപടിയിൽ ആശങ്ക അറിയിച്ച് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു.

ഒക്റ്റോബർ 26-നാണ് ഇതുസംബന്ധിച്ച് വിശദമായ കത്തയച്ചത്. മൂന്ന് ദിവസത്തിനുശേഷം നേരിട്ടുള്ള കൂടിക്കാഴ്ചയിലും വിഷയം ഉന്നയിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള നിർണായക വ്യോമസേനാ കേന്ദ്രത്തിലെ ഭൂമി സേനയുടെ നിയന്ത്രണത്തിൽത്തന്നെ നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള അധികൃതർ കായിക സമുച്ചയം സീൽ ചെയ്ത നടപടി പ്രതിരോധ മേഖലയിൽ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇതേത്തുടർന്ന് ഒക്റ്റോബർ 31-ന് വിരമിച്ച വ്യോമസേനാ മേധാവിക്ക് നൽകാനിരുന്ന യാത്രയയപ്പ് പരിപാടിയും റദാക്കി. സംഭവത്തിൽ ഇന്ത്യൻ വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

2014-ൽ അന്നത്തെ നഗരവികസന മന്ത്രാലയം, പ്രതിരോധ എസ്റ്റേറ്റ് വകുപ്പ്, വ്യോമസേന എന്നിവ സംയുക്തമായി നടത്തിയ 40 ഏക്കറിലധികം വരുന്ന ഭൂമിയുടെ സർവേയും എ.പി. സിങ് കത്തിൽ പരാമർശിച്ചു. വ്യോമസേനാ കേന്ദ്രത്തിന്‍റെ പ്രവർത്തനത്തിൽ കായിക സമുച്ചയത്തിന് നിർണായക പങ്കുള്ളതിനാൽ ഭൂമി വ്യോമസേനയുടെ കൈവശംതന്നെ തുടരണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.

കായിക സമുച്ചയം സീൽ ചെയ്ത നടപടിയിൽ വ്യോമസേന നേരത്തേ പ്രതിരോധ മന്ത്രാലയത്തെ ആശങ്ക അറിയിക്കുകയും നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതീവ സുരക്ഷാ മേഖലയിലെ വ്യോമസുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിൽ റേസ് കോഴ്‌സ് വ്യോമസേനാ കേന്ദ്രത്തിനുള്ള പ്രവർത്തനപരമായ പ്രാധാന്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മൂന്ന് വ്യത്യസ്ത ഭൂവിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് റേസ് കോഴ്‌സ് എയർഫോഴ്‌സ് സ്റ്റേഷൻ സമുച്ചയം. ഇവിടത്തെ എല്ലാ സൗകര്യങ്ങളും പതിവുപോലെ പ്രവർത്തിക്കണമെന്നും എ.പി. സിങ് കത്തിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ഗോൾഫ് കോഴ്‌സ്, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളുണ്ടായിരുന്ന കായിക സമുച്ചയം കഴിഞ്ഞയാഴ്ചയാണ് അടച്ചത്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്‌മെന്‍റ് ഓഫീസ് സമുച്ചയത്തിന്‍റെ നടത്തിപ്പുകാർക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകി ഭൂമി തിരിച്ചുനൽകാൻ ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി വസതിക്ക് സമീപമുള്ള വിലപിടിപ്പുള്ള ഭൂമികൾ തിരിച്ചുപിടിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമായാണ് നടപടി. ലോക് കല്യാൺ മാർഗിന് സമീപമുള്ള ഭൂമികൾ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി കേന്ദ്രം പരിശോധന നടത്തിവരികയാണ്.

നേരത്തേ വ്യോമസേനാ ഗോൾഫ് കോഴ്‌സ് സ്ഥിതിചെയ്യുന്ന ഭൂമി വിട്ടുനൽകാനും മന്ത്രാലയം ബന്ധപ്പെട്ട സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റിൽ 53 ഏക്കർ വിസ്തൃതിയുള്ള ഡൽഹി റേസ് ക്ലബ്ബിന്‍റെ ഭൂമി പൊതുആവശ്യത്തിനായി വേണമെന്ന കാരണത്താൽ സർക്കാർ തിരിച്ചുപിടിച്ചിരുന്നു. ഇന്ത്യ പോളോ അസോസിയേഷന്‍റെ കൈവശമുണ്ടായിരുന്ന ജയ്പുർ പോളോ ഗ്രൗണ്ടും പൊതുതാൽപര്യം, ഭരണപരമായ ആവശ്യം, പ്രതിരോധ അടിസ്ഥാനസൗകര്യ വികസനം എന്നിവ ചൂണ്ടിക്കാട്ടി തിരിച്ചുപിടിച്ചു.