രാഹുൽ ഗാന്ധി

 
India

യുഎസിൽ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി; 'ഇന്ത്യാ വിരുദ്ധൻ' എന്ന് ബിജെപി

രാഹുൽ ഗാന്ധിയെ 'ഇന്ത്യാ വിരുദ്ധൻ' എന്ന് വിശേഷിപ്പിച്ച ബിജെപി, വിദേശ വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു

Sarath Nath MS

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക നയങ്ങളും സംബന്ധിച്ച് യുഎസിലെ കൊളംബിയ സർവകലാശാലയിൽ സംസാരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധിയെ 'ഇന്ത്യാ വിരുദ്ധൻ' എന്ന് വിശേഷിപ്പിച്ച ബിജെപി, വിദേശ വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

ഇന്ത്യയിലെ യുവാക്കൾക്ക് ഭാവിയെക്കുറിച്ച് പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നും തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും സർവകലാശാലയിൽ നടന്ന സംവാദത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യ ഗുരുതരമായ സാമ്പത്തിക ദുരന്തത്തിന്‍റെ വക്കിലാണെന്നാണ് തന്‍റെ വിലയിരുത്തൽ. മാധ്യമങ്ങൾക്കും മറ്റും ഈ പ്രശ്നങ്ങൾ അവഗണിക്കാനാകുമെങ്കിലും രാജ്യത്ത് വലിയ തൊഴിലില്ലായ്മാ പ്രശ്നമുണ്ടെന്നും വിദ്യാഭ്യാസ സംവിധാനത്തിൽ ആഴത്തിലുള്ള പോരായ്മകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മധ്യവർഗ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസമുള്ള യുവാക്കൾ പോലും നിലവിലെ സാഹചര്യത്തിൽ നിരാശരാണെന്നും തങ്ങളുടെ ഭാവിയെക്കുറിച്ച് അവർക്ക് പ്രതീക്ഷയില്ലെന്നും രാഹുൽ പറഞ്ഞു. മുൻതലമുറ പിന്തുടർന്ന വഴികൾ തങ്ങൾക്ക് തൊഴിലും വിജയവും ഉറപ്പുനൽകുന്നില്ലെന്ന ചിന്ത യുവാക്കൾക്കിടയിൽ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുലിന്‍റെ പരാമർശങ്ങൾക്കെതിരേ ബിജെപി രംഗത്തെത്തി. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് വിദേശരാജ്യങ്ങളിൽ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്നും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെയും ജനാധിപത്യത്തെയും വിദേശവേദികളിൽ വിമർശിക്കുകയാണെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും ഇന്ത്യൻ ജനാധിപത്യത്തെ ലോകം അംഗീകരിക്കുന്നുണ്ടെന്നും ബിജെപി അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളെയും ദേശീയ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്‍റെ നിലപാടുകളെയും ചൂണ്ടിക്കാട്ടിയായിരുന്നു ഭണ്ഡാരിയുടെ വിമർശനം.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി അമെരിക്കയിലെത്തിയത്. കൊളംബിയ സർവകലാശാലയിലെ വിദ്യാർഥികളുമായും അധ്യാപകരുമായും സംവദിച്ച അദ്ദേഹം ചിക്കാഗോ സർവകലാശാലയും സന്ദർശിക്കും.