രാഹുൽ ഗാന്ധി

 

file image

India

രാഹുൽ ഗാന്ധി ശനിയാഴ്ച ചെന്നൈയിൽ; മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും

ശനിയാഴ്ച നഗരത്തിലെത്തുന്ന രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവദിക്കുകയും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായി ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുക്കുകയും ചെയ്യും

Sarath Nath MS

ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചെന്നൈയിൽ ബഹുതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. ശനിയാഴ്ച നഗരത്തിലെത്തുന്ന രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവദിക്കുകയും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായി ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുക്കുകയും ചെയ്യും. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്നതിനാൽ നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ചെന്നൈ പൊലീസ് കമ്മിഷണർ എ. അമൽരാജിന്‍റെ നേതൃത്വത്തിൽ 15,000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. വിദ്യാർഥികളുമായുള്ള സംവാദം നടക്കുന്ന ഐലൻഡ് ഗ്രൗണ്ട്സും വിശിഷ്ട വ്യക്തികൾ സഞ്ചരിക്കുന്ന വഴികളും കനത്ത നിരീക്ഷണത്തിലാണ്.

ഛാത്രോൻ കി ഗൂഞ്ച് എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ക്യുആർ കോഡ് മുഖേന മാത്രമായിരിക്കും പ്രവേശനം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രവേശന ഇടനാഴികൾ ഒരുക്കിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാൻ പൊതുജനങ്ങൾക്ക് പരിപാടിയിൽ പ്രവേശനം അനുവദിക്കില്ല.

ക്യുആർ കോഡ് ലഭിച്ച രജിസ്റ്റർ ചെയ്ത 10,000 മുതൽ 20,000 വരെ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മാണിക്കം ടാഗോർ പറഞ്ഞു.