ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

 
India

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

ബിഎസ്‌സി അഗ്രികൾച്ചർ രണ്ടാം വർഷ വിദ്യാർഥികളുടെ എന്‍റമോളജി ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഒരു പ്രൊഫസറെയും അഞ്ച് വിദ്യാർഥികളെയും അറസ്റ്റ് ചെയ്തിരുന്നു

നീതു ചന്ദ്രൻ

റായ്പുർ: ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് ബിഎസ്‌സി അഗ്രികൾച്ചർ ഒന്നാം വർഷ വിദ്യാർഥികളുടെ പ്ലാന്‍റ് പാത്തോളജി പരീക്ഷ റദ്ദാക്കി റായ്പുരിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാല. ഓഗസ്റ്റ് 7 നാണ് പരീക്ഷ നടത്തിയത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതോടെയാണ് വൈസ് ചാൻസലർ അടിയന്തരമായി യോഗം വിളിച്ചു ചേർത്ത് നടപടി സ്വീകരിച്ചത്. ബിഎസ്‌സി അഗ്രികൾച്ചർ രണ്ടാം വർഷ വിദ്യാർഥികളുടെ എന്‍റമോളജി ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഒരു പ്രൊഫസറെയും അഞ്ച് വിദ്യാർഥികളെയും അറസ്റ്റ് ചെയ്തിരുന്നു.

അതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയും പുറത്തു കൊണ്ടു വന്നത്. പ്ലാന്‍റ് പാത്തോളജി പരീക്ഷ സെപ്റ്റംബർ ആദ്യ വാരം വീണ്ടും നടത്തും. ചോദ്യപേപ്പർ ചോർച്ച പുറത്തു വന്നതിനു ശേഷം നടത്തിയ പരീക്ഷകളിൽ സർവകലാശാല കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്.

പാസ് വേഡ് ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്ന ഇമെയിൽ വഴിയാണ് കോളെജുകളിലേക്ക് ചോദ്യപേപ്പർ അയച്ചിരിക്കുന്നത്. പത്തു മണിക്ക് നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ 9.30നാണ് സർവകലാശാല കോളെജുകളിലേക്ക് ഇമെയിൽ ചെയ്യുക. മാത്രമല്ല പരീക്ഷാ കേന്ദ്രങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനും നീക്കമുണ്ട്.