മധ്യപ്രദേശിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നവംബർ 12ന്
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന മധ്യപ്രദേശിലെ രാജ്യസഭാ സീറ്റിലേക്ക് നവംബർ 12ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച അറിയിച്ചു.
ഒക്റ്റോബർ 14നാണ് മുരുകൻ കേന്ദ്രമന്ത്രിസഭാംഗത്വവും രാജ്യസഭാംഗത്വവും രാജിവച്ചത്. പാർലമെന്‍ററികാര്യ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയങ്ങളുടെ സഹമന്ത്രിയായിരുന്നു അദ്ദേഹം. 2030 ഏപ്രിൽ രണ്ട് വരെയായിരുന്നു മുരുകന്‍റെ രാജ്യസഭാംഗത്വ കാലാവധി.
തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിവയ്ക്കുന്നതെന്ന് മുരുകൻ വ്യക്തമാക്കിയിരുന്നു.
നിയമസഭാംഗങ്ങളാണ് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ അന്നുതന്നെ വോട്ടെണ്ണലും നടത്തും.