രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ നിന്നുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

 
India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ നിന്നുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

ജാതിസമവാക്യങ്ങൾ അനുസരിച്ചാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയിരിക്കുന്നത്

Sarath Nath MS

ന്യൂഡൽഹി: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. എട്ട് സ്ഥാനാർഥികളുടെ പേരുകളാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. നിലവിൽ 10 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

ജാതിസമവാക്യങ്ങൾ അനുസരിച്ചാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയിരിക്കുന്നത്. സ്ഥാനാർ‌ഥി പട്ടികയിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയെ ഒഴിവാക്കിയിട്ടുണ്ട്.

മന്ത്രി ധർമപാൽ സിങ്, രമാകാന്ത് ഓജ, പ്രകാശ് പാൽ, മുൻ എംഎൽസി വിദ്യാസാഗർ സോൻകാർ, ഗോപി കൃഷ്ണ പാണ്ഡെ, രാം പ്രതാപ് സിങ് ചൗഹാൻ, മുൻ ലോക്സഭാ എംപി പ്രിയങ്ക സിങ് റാവത്ത്, ഝാർഖണ്ഡ് ഗവർ‌ണർ സന്തോഷ് ഗംഗ്‌വാറിന്‍റെ മകൾ ശ്രുതി ഗ‌ംഗ്‌വാർ എന്നിവരാണ് സ്ഥാനാർഥികൾ.

മത്സരം നടക്കുന്ന 10 സീറ്റുകളിൽ ഏഴ് എണ്ണത്തിൽ ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്. എന്നാൽ എട്ടാമതൊരു സീറ്റ് കൂടി കിട്ടാനുള്ള ശ്രമത്തിലാണ് പാർട്ടി. സ്ഥാനാർഥികൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസകൾ നേർന്നു.

ലോധ് സമുദായത്തിൽപ്പെട്ട ആളാണ് മന്ത്രി ധരംപാൽ സിങ്. ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവരാണ് രമാകാന്ത് ഓജ, ഗോപാൽ കൃഷ്ണ പാണ്ഡെ എന്നിവർ. ബിജെപിയുടെ യുപിയിലെ ഒബിസി മോർച്ച വിഭാഗത്തിന്‍റെ പ്രസിഡന്‍റാണ് പ്രകാശ് പാൽ. ഒബിസി വിഭാഗത്തിൽപ്പെട്ടതാണ് ശ്രുതി ഗംഗ്‌വാറും. ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് വിദ്യാസാഗർ സോൻകാർ, പ്രിയങ്ക റാവത്ത് എന്നിവർ. ഠാക്കൂർ സമുദായത്തിൽപ്പെട്ട ആളാണ് രാം പ്രതാപ് സിങ് ചൗഹാൻ.

ഒക്റ്റോബർ 16നാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിന് പുറമെ പശ്ചിമ ബംഗാളിലും ഉത്തരാഖണ്ഡിലും രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കും. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർഥികളെ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.